10 August Monday

36,545 മെട്രിക്‌ ടൺ ഉൽപ്പാദനം ഹരിതം, സമൃദ്ധം, കോഴിക്കോട്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

 

കോഴിക്കോട്‌
നഗര–-ഗ്രാമ മേഖലകളിൽ പച്ചക്കറി ഉൽപ്പാദനത്തിൽ വർധന. ജില്ലയിൽ 2018–-19 വർഷത്തിൽ 36,545 മെട്രിക്‌ ടൺ ആണ്‌ ഉൽപ്പാദനം. വെണ്ട, പയർ, വഴുതന, ചീര തുടങ്ങി എല്ലാതരം പച്ചക്കറിയും അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലുമായി കൃഷിചെയ്താണ്‌ ഈ കുതിപ്പ്‌. മുൻവർഷം  33,762 മെട്രിക്‌ ടൺ ആയിരുന്നു ഉൽപ്പാദനം. 2014 മുതൽ ഉൽപ്പാദനം കൂടുകയാണ്‌. 2018–-19 കാലയളവിലുണ്ടായ പ്രളയം മാത്രമാണ്‌ ഇതിന്‌ ചെറിയതോതിൽ തിരിച്ചടിയായത്‌. എങ്കിലും കാർഷികവകുപ്പ്‌ വിത്ത്‌, വളം തുടങ്ങിയവയുടെ വിതരണം ഇരട്ടിപ്പിച്ചതിനാൽ ഉൽപ്പാദനം കൂടി. 
2016–-17, 2015–-16, 2014–-15 വർഷങ്ങളിൽ യഥാക്രമം  35,253, 35,171, 33,301 മെട്രിക്‌ ടൺ ആണ്‌ ഉൽപ്പാദനം. 2014-ൽ ഹെക്ടറിൽ 12.81 മെട്രിക്‌ ടൺ ആയിരുന്നു ഉൽപ്പാദന ക്ഷമത. 2018ൽ 14.87 ആയി ഉയർന്നു. അത്യുൽപ്പാദന ശേഷിയുള്ള വിത്തും തൈകളും ഗ്രോബാഗും നൽകുന്നതിന്‌ പുറമെ ഗുണമേന്മയുള്ള വളങ്ങളും കീടനാശിനികളും കാർഷിക വകുപ്പ്‌ ലഭ്യമാക്കുന്നത്‌ ഉൽപ്പാദന ക്ഷമത വർധിപ്പിക്കുന്നു. ഈ വർഷം ആകെ 4.1 കോടി രൂപയാണ്‌ ജില്ലയിലെ കാർഷിക പദ്ധതികൾക്കായി അനുവദിച്ചത്‌. 
വിത്ത്‌, തൈ, ഗ്രോബാഗ്‌ എന്നിവയുടെ വിതരണം അടിസ്ഥാനപ്പെടുത്തിയാണ്‌ കൃഷിചെയ്യുന്ന ഭൂമി തിട്ടപ്പെടുത്തുക. മുക്കാൽ സെന്റ്‌ ഭൂമിക്ക്‌ 25 ഗ്രോബാഗെന്നാണ്‌ കണക്ക്‌. 
ബ്ലോക്ക്‌ തലങ്ങളിൽ ഈ വർഷം 3100 ഗ്രോബാഗുകളും ആറ്‌ ലക്ഷം വിത്തുകളും നാല്‌ ലക്ഷം തൈകളും വിതരണം ചെയ്‌തു. ക്ലസ്‌റ്ററായി ചെയ്യുന്ന കൃഷിയുടെ എണ്ണവും വർധിച്ചു. സംഘമായി അഞ്ച്‌ ഹെക്ടറിൽ ചെയ്യുന്നതാണ്‌ ഒരു ക്ലസ്‌റ്റർ. കഴിഞ്ഞവർഷം 57 എണ്ണമായിരുന്നെങ്കിൽ ഈ വർഷം 75 ആയി ഉയർന്നു. കൃഷി ഓഫീസിൽ പോയി അപേക്ഷ നൽകിയാൽ ഗ്രോബാഗുകൾ സബ്‌സിഡി നിരക്കിൽ വീട്ടിൽ എത്തും. കൂടാതെ മഴമറ, മാലിന്യ സംസ്‌കരണ പ്ലാന്റുകൾ തുടങ്ങി കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നിരവധി പദ്ധതികൾ കൃഷി ഓഫീസുകൾ വഴി ലഭ്യമാണ്‌. 2019–- 20ൽ ഹെക്ടറിൽ 12.50 മെട്രിക്‌ ടൺ പച്ചക്കറി ഉൽപ്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ്‌ ആസൂത്രണംചെയ്യുന്നത്‌.  പ്രളയകാലത്ത്‌ നൽകിയ വിത്തുകളും ഗ്രോബാഗുകളും മഴയിൽ നശിച്ചിരുന്നു. ഇരട്ടിയോളം വിത്തും തൈയും  നൽകിയാണ്‌ കൃഷി പുനരുജ്ജീവിപ്പിച്ചത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top