നടുവണ്ണൂർ
സ്വന്തമായി നിർമിച്ച ഇൻക്യുബേറ്ററിൽ കോഴിമുട്ട വിരിയിച്ചെടുത്ത് എട്ടാം ക്ലാസുകാരൻ. കോട്ടൂരിലെ മങ്ങരമീത്തൽ മെനിനോ രാജീവാണ് ഒരാഴ്ചത്തെ പ്രയത്നത്തിലൂടെ 750 രൂപ മാത്രം ചെലവ് വരുന്ന ഇൻക്യുബേറ്റർ നിർമിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് മുട്ട വിരിയിച്ച് കുഞ്ഞുങ്ങൾ ഒരാഴ്ച വളർച്ചയെത്തിയ സന്തോഷത്തിലാണ് മെനിനോ.15 മുട്ട ഇതിൽ വിരിയിക്കാം.
പൊതു വിപണിയിൽ ഈ ഇൻക്യുബേറ്ററിന് പതിനായിരം രൂപയോളം വില വരും. സിപിയു ഫാൻ, തെർമോസ്റ്റാറ്റ്, 40 വോൾട്ട് ഫിലമെന്റ് ബൾബ് എന്നിവ ഉപയോഗിച്ചാണ് നിർമാണം. 37.4 ഡിഗ്രി മുതൽ 37.7 ഡിഗ്രി വരെ ചൂട് നിലനിൽക്കുന്ന തരത്തിൽ ഓട്ടോമാറ്റിക് സംവിധാനത്തിൽ ഇത് പ്രവർത്തിക്കും.
മെനിനോ ആദ്യമായല്ല ഇത്തരം സാധനങ്ങൾ നിർമിക്കുന്നത്. ഏഴാം തരത്തിൽ പഠിക്കുമ്പോൾ കോട്ടൂർ എയുപി സ്കൂളിൽനിന്ന് പാഠഭാഗത്തെ ആസ്പദമാക്കി എസ്കവേറ്റർ നിർമിച്ച് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. കേടുവന്ന എമർജൻസി ലൈറ്റ് ഉപയോഗിച്ച് വീട്ടിൽ ഇൻവെർട്ടറും നിർമിച്ചിട്ടുണ്ട്. വൈദ്യുതി പോകുമ്പോൾ ഈ ഇൻവെർട്ടറാണ് വീട്ടിൽ പ്രവർത്തിക്കുക.
നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ മെനിനോ മന്ദങ്കാവ് സ്വദേശിയായ രാജീവിന്റെയും കോട്ടൂർ മങ്ങരമീത്തൽ സുനിതയുടെയും മകനാണ്. സഹോദരി: ഇതൾ രാജീവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..