10 August Monday

ഒന്നിൽ നിന്നൊന്നിലേക്ക്‌ പകരുന്ന നിറക്കൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019
കോഴിക്കോട്‌
ഒന്നിൽ നിന്ന്‌ മറ്റൊന്നിലേക്കുള്ള യാത്രയാണിത്‌. ഒന്നും ഒന്നും രണ്ടാകാതെ വലിയ ഒന്നായി മാറുന്ന കാഴ്‌ചയുടെ ജുഗൽബന്ദി. നന്ദകുമാർ മൂടാടിയുടെ ഫോട്ടോഗ്രഫിയും ഫ്രാൻസിസ്‌ കോടങ്കണ്ടത്തിന്റെ ചിത്രകലയും സുവർണാനുപാതത്തിൽ സമന്വയിക്കുന്നു ഒരേ ക്യാൻവാസിൽ. ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിലാണ്‌ വ്യത്യസ്തമായ പ്രദർശനം ഒരുക്കിയിരിക്കുന്നത്‌.
നന്ദകുമാർ പകർത്തിയ ചിത്രങ്ങളിലേക്ക്‌ പുതിയ ചിത്രങ്ങൾ വരച്ചുചേർത്താണ്‌ ഫ്രാൻസിസ്‌ പുതിയ ഭാവതലമൊരുക്കിയത്‌. പാറപ്പള്ളിയിലെ പാറക്കെട്ടുകളുടെ ചിത്രത്തിന്റെ മറുപാതി വരച്ചുചേർത്തതോടെ പാറക്കെട്ടിന്‌ കൈവരുന്നത്‌ മനുഷ്യരൂപം. കൊടുങ്ങല്ലൂർ ഭരണിയുടെയും ഗുരുവായൂർ ക്ഷേത്രനടയിലെ കൊടിമരത്തിന്റെയുമെല്ലാം ചിത്രങ്ങളിൽ പെയിന്റിങ്‌ ചേരുമ്പോൾ ചിത്രമേത്‌, വരയേത്‌ എന്ന്‌ തിരിച്ചറിയാനാകാത്ത അവസ്ഥ. മേളക്കാരന്റെ ദേഹത്തെ വിയർപ്പുതുള്ളിയുടെയും മറുപാതി ചിത്രകാരന്റെ ഭാവനയിൽ വിരിയുന്നു. 
ചിത്രപ്രദർശനവും ഫോട്ടോ പ്രദർശനവും കണ്ടുശീലിച്ച കാണികൾക്ക്‌ ഇത്‌ പുതിയ അനുഭവം.പയ്യോളിക്കടുത്ത്‌ മൂടാടി സ്വദേശിയായ നന്ദകുമാർ 40 വർഷത്തിനിടെ പകർത്തിയ 16 ചിത്രങ്ങളാണ്‌ വൺ ടു വൺ എന്ന്‌ പേരിട്ട പ്രദർശനത്തിലുള്ളത്‌. 
തൃശൂർ സ്വദേശിയായ ഫ്രാൻസിസ്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ ഇന്റലിജൻസ്‌ അസി. കമീഷണറാണ്‌. ഒന്നര വർഷത്തിലധികമെടുത്താണ്‌ ചിത്രങ്ങൾ പൂർത്തിയാക്കിയതെന്ന്‌ ഇരുവരും പറഞ്ഞു. 
പ്രദർശനം 15ന്‌ സമാപിക്കും. കലാചരിത്രകാരൻ കെ കെ മാരാർ ഉദ്‌ഘാടനം ചെയ്‌തു. ആർ മോഹനൻ, നന്ദകുമാർ മൂടാടി, ഫ്രാൻസിസ്‌ കോടങ്കണ്ടത്ത്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top