24 January Friday

നികുതി നാളെ സ്വീകരിക്കും അരീക്കര ഭൂപ്രശ്നത്തിന് പരിഹാരം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019
നാദാപുരം
ഒരു പതിറ്റാണ്ടിന് ശേഷം അരീക്കരകുന്ന് ഭൂമി കൈവശക്കാരിൽനിന്ന് നികുതി സ്വീകരിക്കുന്നു. വെള്ളിയാഴ്‌ച രാവിലെ ഒമ്പതരക്ക്‌  മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്‌ഘാടനംചെയ്യും. ചെക്യാട് വില്ലേജില്‍ കുറുവന്തേരിയിൽ 273.79 ഏക്കര്‍ ഭൂമി ബിഎസ്എഫ് കേന്ദ്രത്തിനായി 2007ൽ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.  സര്‍വേയില്‍ അന്ത്യേരി പ്രദേശത്തെ മുന്നൂറിലേറെ കുടുംബങ്ങളുടെ ഭൂമി  ഉള്‍പ്പെട്ടതാണ്  നികുതി സ്വീകരിക്കാതിരിക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് ഭൂപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. എൽഡിഎഫ് സർക്കാർ പ്രശ്‌നത്തിൽ ഇടപെട്ട്‌ പരിഹാരം കാണുകയായിരുന്നു.
എഴുപത് വീടുകൾ, ലക്ഷം വീട് കോളനി, അങ്കണവാടി, ആരാധനാലയങ്ങള്‍, പഞ്ചായത്ത് ശ്‌മശാനത്തിനായി കണ്ടെത്തിയ രണ്ട് ഏക്കര്‍ ഭൂമി എന്നിവ സർക്കാര്‍ ഏറ്റെടുത്തതില്‍ ഉള്‍പ്പെടുന്നു. ഈ ഭൂമിയില്‍ താമസിക്കുന്നവർക്ക് നികുതി അടയ്‌ക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. പഞ്ചായത്ത് വീട് നിര്‍മിക്കാന്‍ പണം അനുവദിച്ചിട്ടും നികുതി അടച്ച രശീതി ഹാജരാക്കാത്തതിനാൽ ഫണ്ട്‌ ലഭിച്ചില്ല. വീടുകളുടെ  അറ്റകുറ്റപ്പണിപോലും നടത്താന്‍ കഴിയാതെ ദുരിതത്തിലായിരുന്നു  അന്ത്യേരി നിവാസികൾ.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top