19 September Thursday

11 കോടിയുടെ കൃഷിനാശം

സ്വന്തം ലേഖികUpdated: Monday Aug 12, 2019
 
കോഴിക്കോട്‌ 
അതിതീവ്ര മഴയും  ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ജില്ലയെ എത്തിച്ചത്‌ വ്യാപക കൃഷിനാശത്തിലേക്ക്‌. പ്രാഥമിക കണക്കുപ്രകാരം 170 ഹെക്ടറിലെ നെല്ലും കപ്പയും വാഴയും റബറും അടക്കമുള്ള കൃഷി നാമാവശേഷമായി.  11. 22 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 1580 കർഷകരുടെ ഉപജീവനം ഇല്ലാതായി. ആഗസ്‌ത്‌ ഒന്നുമുതൽ 10 വരെയുള്ള കണക്കാണിത്‌.  വ്യാഴാഴ്‌ച മുതലാണ്‌ കൂടുതൽ നാശം. 
പ്രളയം നെൽക്കർഷകരെയാണ്‌ തളർത്തിയത്‌. 46.58 ഹെക്ടറിലെ നെൽകൃഷി വെള്ളം കയറി നശിച്ചു. പലയിടങ്ങളിലും ഇപ്പോഴും നെൽപ്പാടങ്ങൾ വെള്ളത്തിലാണ്‌. 
വാഴ കർഷകർക്കും നാശമേറെ.  1,14,455 വാഴകൾ നശിച്ചു. വിളവെടുക്കാൻ പാകമായ 74,780 എണ്ണം   കാറ്റിൽ മറിഞ്ഞുവീണു.  വാഴകൃഷിക്ക്‌ പേരുകേട്ട മാവൂരും കുന്നമംഗലത്തുമാണ്‌ കൂടുതൽ നാശം.  കൂരാച്ചുണ്ട്‌, താമരശേരി, തലയാട്‌ എന്നിവിടങ്ങളിലും നഷ്ടമുണ്ട്‌. 
ഓണവിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയ എട്ടര ഹെക്ടറിലെ പച്ചക്കറി കൃഷി ഒലിച്ചുപോയി. നഗര–- ഗ്രാമ പ്രദേശങ്ങളിൽ ഒരുപോലെയാണ്‌ നഷ്ടം.  8 ഹെക്ടറിലെ കപ്പ നശിച്ചു. 540 തെങ്ങ്‌ കടപുഴകി. 49,115 കവുങ്ങ്‌ പൊട്ടിവീണു. 6290  റബ്ബർ, 1290 ജാതിക്ക, 421 ഗ്രാമ്പൂ, 775 കശുമാവ്‌, 1310 കുരുമുളക്‌ , 50 കാപ്പി എന്നിവയാണ്‌ നശിച്ചത്‌. 
പ്രധാന വാർത്തകൾ
 Top