20 September Friday

തെരച്ചില്‍ ഊര്‍ജിതം പുതുമണം മാറാതെ പുത്തുമലയുടെ ശേഷിപ്പുകള്‍

സ്വന്തം ലേഖകന്‍Updated: Monday Aug 12, 2019

 

 
മേപ്പാടി
നാണയ കുടുക്കകള്‍, പുതുമണം മാറാത്ത കുഞ്ഞുടുപ്പുകള്‍, തണുപ്പിനായി കവറില്‍ കരുതിവച്ച കമ്പിളികള്‍...ഓരോന്നായി മണ്ണിനടിയില്‍നിന്നും പൊന്തിവന്നു. തോട്ടം തൊഴിലാളികളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ  അടയാളങ്ങള്‍. പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ലഭിച്ച വസ്തുക്കളോരോന്നും ഉദ്യോഗസ്ഥരെടുത്ത് ഭദ്രമായി കെട്ടിവച്ചു.
ഓരോന്ന് കണ്ടെടുക്കുമ്പോഴും കണ്ടുനിന്നവരുടെ ഉള്ളുലഞ്ഞു. പുത്തുമല, പച്ചക്കാട് ഗ്രാമവാസികളുടെ എറ്റവും പ്രിയപ്പെട്ടതും വിലപ്പെട്ടുതുമായതെല്ലാം മണ്ണില്‍ പൂണ്ട് കിടക്കുകയാണ്. ഇന്നലെവരെ ഒരുമിച്ച് കളിച്ചുചിരിച്ചവരില്‍ ചിലര്‍ ഒഴുകിയെത്തിയ പാറകള്‍ക്കും മരങ്ങള്‍ക്കുമടിയിലുണ്ടെന്നത് ഇവരുടെ ചങ്കുലക്കുകയാണ്. പുത്തുമലയുടെ ഹൃദയം പൊട്ടിയൊഴുകയാണ്. ശനിയാഴ്ച്ച വൈകിട്ടോടെ നിര്‍ത്തിയ തെരച്ചില്‍ ഞായറാഴ്ച രാവിലെ ആറോടെ പുനരാരംഭിച്ചു. സൈന്യവും അഗ്‌നിശമന സേനയും പൊലീസും വനപാലകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമെല്ലാം കഠിനാധ്വാനത്തിലാണ്. പുത്തുമലയുടെ മുറിവുണങ്ങാന്‍ കാലമേറെ വേണമെങ്കിലും അവരുടെ പ്രിയപ്പെട്ടവരെ കണ്ടെത്തി കൊടുക്കാനുള്ള ശ്രമത്തിലാണെല്ലാവരും. ഊര്‍ജിത തെരച്ചിലായിരുന്നു ഞായറാഴ്ച്ച. മഴക്ക് ശമനമുണ്ടായിരുന്നതിനാല്‍ അതിവേഗ മാ യി രു ന്നു പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. അഞ്ച് ഹിറ്റാച്ചിയും മൂന്ന് ജെസിബിയും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. തിങ്കളാഴ്ച്ച കൂടുതല്‍ സൈന്യം തെരച്ചിലിനിറങ്ങും. സര്‍ക്കാര്‍ വകുപ്പുകളും ജില്ലാധികൃതരും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. സബ്‌ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്  സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സി കെ ശശീന്ദ്രന്‍ എംഎല്‍എ കഴിഞ്ഞ നാലുദിവസമായി പുത്തുമലയിലുണ്ട്. ജില്ലാ പൊലീസ് മേധാവിയടക്കം ഉന്നത ഉദ്യോഗസ്ഥരും എല്ലാദിവസവും  സ്ഥലതെത്തുന്നു.  തെരച്ചിലിനാവശ്യമായതെല്ലാം തടസ്സമില്ലാതെ ഒരുക്കുയാണ് സര്‍ക്കാര്‍. റോഡിലെ മണ്ണിടിച്ചില്‍ ഭീഷണിയായി തുടരുകയാണ്. സിപിഐ എം ജില്ലാ സെകട്ടറി പി ഗഗാറിനടക്കമുള്ള പൊതുപ്രവർത്തകരും പുത്തുമലയിൽ സഹായത്തിനായുണ്ട്‌.
 

 

പ്രധാന വാർത്തകൾ
 Top