26 August Monday

മഴ തുടരുന്നു കൊയിലാണ്ടിയില്‍ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 

കോഴിക്കോട‌് 
ജില്ലയിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും മലയോരത്തും കനത്ത മഴ തുടരുന്നു.  ഒപ്പം കടലാക്രമണവും രൂക്ഷം. ചൊവ്വാഴ‌്ച  കോഴിക്കോട‌് 60 മില്ലീ മീറ്ററും കൊയിലാണ്ടിയിൽ 69 മില്ലീമീറ്ററും വടകരയിൽ 65 മില്ലീ മീറ്ററും മഴ ലഭിച്ചു.
കടലുണ്ടിയിലും കൊയിലാണ്ടിയിലുമാണ‌് കടലാക്രമണം രൂക്ഷമായത‌്. മറ്റിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ‌്. കടലുണ്ടി മേഖലയിൽ ശക്തമായ മഴ തുടർന്നാൽ ആളുകളെ മാറ്റിപ്പാർപ്പിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാൻ സജ്ജമാണെന്ന് തഹസിൽദാർ എൻ പ്രേമചന്ദ്രൻ അറിയിച്ചു.  
കൊയിലാണ്ടി ചെങ്ങോട്ട്കാവ് വില്ലേജിലെ വളപ്പിൽ, മൂന്നു കുടിക്കൽ, ഏഴു കുടിക്കൽ ഭാഗങ്ങളിലാണ‌് കടലാക്രമണം രൂക്ഷമായത‌്.  റോഡിനോട് ചേർന്ന ബസ് സ്റ്റോപ്പും, തീരദേശ റോഡും ഹൈമാസ്റ്റ് ലൈറ്റുകളും തകരുന്ന നിലയിലാണ്. കടൽക്ഷോഭ ഭീഷണിയെ തുടർന്ന് മൂന്ന് കുടുംബങ്ങളിലെ  11 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ക്യാമ്പുകൾ ഏത് നിമിഷവും പ്രവർത്തനമാരംഭിക്കാൻ സജ്ജമാണെന്ന് തഹസിൽദാർ ചാർജ‌് വഹിക്കുന്ന എം  രേഖ അറിയിച്ചു. കടൽഭിത്തി ബലപ്പെടുത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്താൻ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയതായും  സ്ഥിരം ലൈറ്റിങ‌് സംവിധാനം ഏർപ്പെടുത്താൻ കെഎസ്ഇബിയോട് നിർദേശിച്ചതായി കെ ദാസൻ എംഎൽഎ അറിയിച്ചു.
താമരശേരി, വടകര എന്നിവിടങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർമാർ അറിയിച്ചു. 
 
പ്രധാന വാർത്തകൾ
 Top