21 September Saturday

വടകര തീരം കടലാക്രമണ ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 

വടകര
കാലവർഷം കനത്തതോടെ വടകരയുടെ തീരപ്രദേശം കടലാക്രമണ ഭീഷണിയിൽ. കടൽ ഭിത്തി തകർന്ന പ്രദേശങ്ങളിലെ തീരദേശവാസികൾക്ക‌് ഉറക്കമില്ലാത്ത നാളുകളാണ‌് വരുന്നത‌്. അഴിത്തല മുതൽ അഴിയൂർ വരെയുള്ള നിരവധി പ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ‌്. 
വടകര അഴിത്തല, സാന്റ‌് ബാങ്ക‌്സ‌്, പുറങ്കര, കൊയിലാണ്ടി വളപ്പ‌്, മുകച്ചേരി ഭാഗം, കുരിയാടി, പള്ളിത്താഴ, മുട്ടുങ്ങൽ ബീച്ച‌്, കൈനാട്ടി, ഗോസായികുന്ന‌്, കല്ലിന്റവിട, അറക്കൽ, മാടാക്കര, കണ്ണൂക്കര, ഹാർബർ ഭാഗം, അഴിയൂർ ചുങ്കം തുടങ്ങിയ പ്രദേശങ്ങളിൽ കടൽ ഭിത്തി തകർന്നിട്ട‌് വർഷങ്ങളായി. 
കടൽഭിത്തി നിർമിക്കണമെന്ന‌് ആവശ്യപ്പെട്ട‌് തീരദേശവാസികൾ നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയായില്ലെന്ന‌് പരാതിയുണ്ട‌്. മുകച്ചേരി ഭാഗത്ത‌് കഴിഞ്ഞവർഷം കടൽക്ഷോ ഭത്തിൽ തകർന്ന തീരദേശ റോഡ‌് പൂർവസ്ഥിതിയിൽ ആയിട്ടില്ല. പുറങ്കര ഭാഗത്തും തീരദേശ റോഡുകൾ തകർന്നിട്ടുണ്ട‌്. പള്ളിത്താഴ–-കുരിയാടി തീരദേശ റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ‌്. 
പതിനേഴര കിലോമീറ്ററോളമുള്ള വടകര മേഖലയിലെ കടൽഭിത്തികളിൽ ഭൂരിഭാഗവും തകർന്ന നിലയിലാണ‌്. കരിങ്കൽ ക്ഷാമവും സാമ്പത്തിക ബാധ്യതയുമാണ‌് കടൽ ഭിത്തി നിർമാണത്തിന‌് തടസമെന്ന‌് അധികൃതർ പറയുന്നു. കേന്ദ്ര ഫണ്ട‌് ഇല്ലാത്തയും തടസമാവുന്നു. സംസ്ഥാന സർക്കാർ പുറങ്കര, കുരിയാടി, മടപ്പള്ളി, മുകച്ചേരി ഭാഗം എന്നിവിടങ്ങളിലായി 1630 മീറ്റർ നീ‌ളത്തിൽ കടൽ ഭിത്തി നിർമിക്കാൻ 7.76 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട‌്. 
ചൊവ്വാഴ‌്ച ഉച്ചയോടെ തിരകൾ ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പിനെ തുടർന്ന‌് മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ട ചോമ്പാൽ ഹാർബർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മടങ്ങി. കാലവർഷം ശക്തമാകുന്നതോടെ വരും ദിവസങ്ങളിൽ കടലാക്രമണം രൂക്ഷമാകുമെന്ന ഭീതിയിലാണ‌് തീരദേശവാസികൾ.
പ്രധാന വാർത്തകൾ
 Top