21 June Monday

കോവിഡ് കാലത്ത് 
വിശ്രമമില്ലാതെ ‘വിശ്രാന്തി’

എ സജീവ് കുമാർUpdated: Wednesday May 12, 2021
കൊയിലാണ്ടി
കോവിഡ് മഹാമാരിയിൽ ആശ്രയമായി ചേമഞ്ചേരി പഞ്ചായത്ത് വാതക ശ്മശാനം. പഞ്ചായത്തിലുള്ളവർക്കു പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കാപ്പാട് കടലോരത്തുള്ള വിശ്രാന്തിയിൽ മൃതദേഹവുമായി ബന്ധുക്കളെത്തുന്നു.  ജില്ലയിൽ കോഴിക്കോട് കോർപറേഷനും വടകര മുനിസിപ്പാലിറ്റിയും കഴിഞ്ഞാൽ ചേമഞ്ചേരി  പഞ്ചായത്തിൽ മാത്രമാണ് ആധുനിക വാതക ശ്മശാനമുള്ളത്. കെ ദാസൻ എംഎൽഎയും  ജില്ലാ പഞ്ചായത്തും  ചേമഞ്ചേരി പഞ്ചായത്തും അനുവദിച്ച ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് ഈ ശ്മശാനം നിർമിച്ചത്.  പഞ്ചായത്ത് 1986 ൽ പൊന്നും വില കൊടുത്ത് വാങ്ങിയ സ്ഥലത്ത് അറബിക്കടലിനോടു ചേർന്നാണ് വിശ്രാന്തി എന്ന് പേരുള്ള  ശ്മശാനം പ്രവർത്തിക്കുന്നത്. 2021 ഏപ്രിൽ 14 നാണ്‌  ഇവിടെ ശവസംസ്‌കാരം ആരംഭിച്ചത്. 5000 ലിറ്റർ വെള്ളം കൊള്ളുന്ന വലിയ ടാങ്കിലൂടെ പുക കടത്തിവിട്ട് ശുദ്ധീകരിച്ച വെളുത്ത പുകയാണ്  പുകക്കുഴലിലൂടെ പുറത്തേക്ക് പോകുന്നത്‌.  അന്തരീക്ഷ മലിനീകരണം ഉണ്ടാവില്ലെന്ന്‌ വാതകശ്മശാനം  നടത്തിപ്പിന് നേതൃത്വം കൊടുക്കുന്ന ചേമഞ്ചേരി പഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ്‌ മൾട്ടി പർപസ് ഇൻഡസ്ട്രിയൽ കോ ഓപ് സൊസൈറ്റി പ്രസിഡന്റ്‌ പി കെ പ്രസാദ് പറയുന്നു. 20 കിലോ കൊള്ളുന്ന 8 ഗ്യാസ് സിലിൻഡറുകൾ ഒരേ സമയം പ്രവർത്തിച്ചാണ്   സംസ്കാരം. ഒരു മൃതദേഹം ദഹിപ്പിക്കാൻ ഏതാണ്ട് ഒരു സിലിൻഡർ ഗ്യാസ് മതിയാകും. ചേമഞ്ചേരി പഞ്ചായത്തിലുള്ളവർക്ക് 3500 രൂപയും പഞ്ചായത്തിന് പുറത്തുനിന്നുള്ളവർക്ക് 4000 രൂപയുമാണ് ഈടാക്കുന്നത്‌.   എം പി അശോകനും ദിവാകരൻ കുട്ടിക്കണ്ടിയുമാണ്‌  സംസ്കാരം നടത്തുന്നത്‌.  കോവിഡ് മൂലം മരണമടയുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവരുന്ന മൃതശരീരം ഇവിടെ  കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌  സംസ്‌കരിക്കുന്നു.  രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്   സമയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top