19 June Wednesday

‘സ്പന്ദനം' അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കോഴിക്കോട‌്  
ജില്ലാ പഞ്ചായത്ത‌ിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്പന്ദന’ത്തിനെ തേടി വീണ്ടും അംഗീകാരം. കുട്ടികളിലെ വളർച്ചാവൈകല്യം, മാനസികവളർച്ചയിലെ ബുദ്ധിമുട്ടുകൾ, പഠന പെരുമാറ്റവൈകല്യം, സംസാര വൈകല്യം, ഓട്ടിസം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയെ  അന്തർദേശീയ ആയുഷ് കോൺക്ലേവിലേക്ക് തെരഞ്ഞെടുത്തു. പുറക്കാട്ടിരിയിൽ എ സി ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്റർ കേന്ദ്രമായാണ‌്  സ്പന്ദനം പദ്ധതി നടപ്പാക്കിവരുന്നത‌്. 2013 ലാണ് ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതിക്ക‌് രൂപം കൊടുത്തത്. വർഷംതോറും 70 ലക്ഷം രൂപ  പദ്ധതിക്കായി വിനിയോഗിക്കുന്നതായി ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി പറഞ്ഞു. സർക്കാരിന്റെ മികച്ച ആയുർവേദ ഭിഷഗ്വരനുള്ള ചരക അവാർഡ് നേടിയ ഡോ. എൻ ശ്രീകുമാർ നമ്പൂതിരിയാണ് സ്പന്ദനം പദ്ധതിക്ക‌് രൂപം നൽകിയതും നേതൃത്വം നൽകിവരുന്നതും. 
ആയുർവേദ ചികിത്സയും സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി, യോഗ, ലേണിങ്‌ അസസ‌്മെന്റ‌് ആൻഡ് റെമഡിയൽ പരിശീലനം എന്നീ സംവിധാനങ്ങളും സമഗ്രമായി സമന്വയിപ്പിച്ചാണ് ചികിത്സ നൽകുന്നത്. എൺപതിനായിരത്തോളം കുട്ടികൾ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട‌്.
വടകര, കുന്നുമ്മൽ, പയ്യോളി, മുക്കം തലയാട്, കടലുണ്ടി, നൊച്ചാട് എന്നിവിടങ്ങളിലെ ഗവ. ആയുർവേദ ആശുപത്രികളിലും ആഴ്ചതോറും സ്പന്ദനം പദ്ധതിയുടെ സേവനം ലഭ്യമാണ്.  കുട്ടികളിലെ പഠന-പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും  രക്ഷിതാക്കൾക്ക‌് ക്ലാസുകളും നൽകുന്നു.  പുറക്കാട്ടിരിയിലെ ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്ററിന് ബജറ്റിൽ രണ്ട് കോടി രൂപയാണ‌്  സംസ്ഥാന സർക്കാർ അനുവദിച്ചത‌്. ഘട്ടംഘട്ടമായി സ്ഥാപനത്തെ കുട്ടികളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന ഗവേഷണകേന്ദ്രമായി ഉയർത്തുമെന്ന‌് മന്ത്രി കെ കെ ശൈലജയും  അറിയിച്ചു.  കുട്ടികൾക്ക് ഏറെ ഗുണകരമായ സ്പന്ദനം പദ്ധതി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നടപ്പാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top