18 October Friday

മുക്കം ബാങ്കിലെ നിയമനം: ലക്ഷങ്ങൾ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലിൽ ലീഗ‌് നേതൃത്വം വെട്ടിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
മുക്കം
മുക്കം സഹകരണ ബാങ്കിലെ  ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട്  ജില്ലാ നേതാക്കൾവരെ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന  യൂത്ത് ലീഗ് നേതാവിന്റെ വെളിപ്പെടുത്തൽ മുസ്ലിംലീഗ് നേതൃത്വത്തെ വെട്ടിലാക്കി. ജില്ലാ നേതാക്കൾ ഉൾപ്പെടെ കൈപ്പറ്റിയ പണം എന്തുചെയ്തു എന്നതിനെ സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം  രംഗത്തിറങ്ങിയതോടെ മുസ്ലിംലീഗിൽ ഭിന്നത രൂക്ഷമായി.
യുഡിഎഫ് ഭരണത്തിലുള്ള ബാങ്കിൽ  നടത്തിയ നാല്  നിയമനവുമായി ബന്ധപ്പെട്ട് 40,50,000  രൂപ മുസ്ലിം ലീഗ് നേതാക്കൾ കൈപ്പറ്റിയെന്നാണ‌് വെളിപ്പെടുത്തൽ. വാങ്ങുന്ന പണം കോൺഗ്രസും ലീഗും പങ്കിട്ടെടുക്കാറാണ്.  തുക ലീഗ് ജില്ലാ നേതാക്കളിൽ പലരും കൈപ്പറ്റിയതായി തെളിവുകൾ സഹിതം വെളിപ്പെടുത്തി  യൂത്ത് ലീഗ് നേതാവ് പാർടി അംഗങ്ങൾ ഉൾപ്പെടുന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ നൽകിയ ശബ്ദസന്ദേശത്തോടെയാണ്  നേതാക്കൾ നടത്തിയ വെട്ടിപ്പ് അണികൾ അറിയുന്നത്. പാർടി ഓഫീസ് നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞാണ് നേതാക്കൾ തുക കൈപ്പറ്റിയതെങ്കിലും പാർടി ഓഫീസ് നിർമാണം ഇപ്പോഴും പാതിവഴിയിൽ തന്നെയാണെന്നും പിന്നെ നേതാക്കൾ കൈപ്പറ്റിയ പണം എവിടെയെന്നുമാണ് അണികളുടെ ചോദ്യം.
ജില്ലാ നേതാക്കളെ പേരെടുത്ത‌് പറഞ്ഞാണ‌് യൂത്ത് ലീഗ് നേതാവ് ആരോപണം ഉന്നയിച്ചത‌്. നിയമനം ലഭിച്ചവർ നൽകിയതായ തുകയും യൂത്ത‌് ലീഗ‌് നേതാവ‌് പറയുന്നു.  ഇതിനെല്ലാം ശക്തമായ തെളിവുണ്ടെന്നും ശബ്ദ സന്ദേശത്തിൽ  പറയുന്നു. നേതാക്കൾ കൈപ്പറ്റിയ പണം എന്തുചെയ്തു എന്നത്  കമീഷനെ വച്ച് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് നേതാവ് ആവശ്യപ്പെടുന്നു. ശബ്ദസന്ദേശം പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ ഒരുവിഭാഗം രംഗത്തിറങ്ങിയിരിക്കുകയാണ്.
പ്രധാന വാർത്തകൾ
 Top