22 March Friday

ഗാന്ധിഘാതകരായി മാറിയത‌് വിഭജനവാദം ഉയർത്തിപ്പിടിച്ചവർ: മന്ത്രി ജലീൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
വടകര
ബ്രിട്ടന്റെ വിഭജനവാദം ഉയർത്തിപ്പിടിച്ചവരാണ‌് ഗാന്ധിഘാതകരായി മാറിയതെന്ന‌് മന്ത്രി കെ ടി ജലീൽ പറഞ്ഞു. സ‌്റ്റേറ്റ‌് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗാന്ധി സ‌്മൃതി സദസിന്റെ ഭാഗമായി ‘ഗാന്ധി രക്തസാക്ഷിത്വത്തിന്റെ കാലിക വായന’ ‌എന്ന വിഷയത്തിൽ വടകര  കേളുഏട്ടൻ സ‌്മാരകത്തിൽ നടന്ന സെമിനാർ  ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതരത്വം തകർക്കുക എന്ന ലക്ഷ്യം മാത്രമേ ഗാന്ധിജിയുടെ ജീവിതത്തിന്റെ തിരശീല വലിച്ചുതാഴ‌്ത്തിയവർക്ക‌്  ഉണ്ടായിരുന്നുള്ളൂ. 
മതനിരപേക്ഷതയിൽ ഊന്നിയ ദേശീയബോധം ശക്തിപ്പെടുത്താനും ദേശീയ പ്രക്ഷോഭത്തെ ജനകീയമാക്കാനും ഗാന്ധിജിക്ക‌് കഴിഞ്ഞു. ഒരു മതദർശനത്തിനും അദ്ദേഹം അയിത്തം കൽപ്പിച്ചില്ല. 1906ൽ മുസ്ലീംലീഗ‌് രൂപംകൊണ്ടെങ്കിലും ബ്രിട്ടീഷ‌് വിരുദ്ധ പോരാട്ടങ്ങളിൽ അവരുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു. എന്നാൽ ഗാന്ധിജി ഖിലാഫത്ത‌് പ്രസ്ഥാനത്തിലൂടെ മുസ്ലീം സമുദായത്തെ ദേശീയ പ്രസ്ഥാനത്തോട‌് അടുപ്പിച്ചു. 
ഗാന്ധിജിയുടെ രാമരാജ്യ സങ്കൽപ്പം എല്ലാ മനുഷ്യരും ഒന്നായി ജീവിക്കാനുള്ള നാടിന്റെ സ്വപ‌്നമാണ‌് പങ്കിട്ടത‌്. ജനതയെ ഒന്നിപ്പിക്കാൻ മതവിശ്വാസം കൊണ്ടുമാത്രം കഴിയില്ലെന്നും ദേശീയതയുടെ കരുത്താണ‌് ആവശ്യമെന്നും ഗാന്ധിജി തിരിച്ചറിഞ്ഞു. ഇന്ത്യയെ ഹിന്ദു റിപ്പബ്ലിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമത്തെ കോട്ടകെട്ടി ചെറുക്കുകയായിരുന്നു ഗാന്ധിജി. എല്ലാവിധ വർഗീയതകളോടും എതിർത്ത‌് സർവമത സാഹോദര്യം പുലരാനായിരുന്നു അദ്ദേഹം ആഹ്വാനം ചെയ‌്തത‌്. 
പുതിയ കാലത്തിന്റെ വെല്ലുവിളികൾ അതിജീവിക്കാനും മതേതരത്വത്തിന്റെ കാവലാളാവാനും ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ യഥാർഥ പൊരുൾ പുതുതലമുറ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ചന്ദ്രൻ മോഡറേറ്ററായി. ഡോ. അനിൽ ചേലേമ്പ്ര, യു കെ കുമാരൻ എന്നിവർ സംസാരിച്ചു. എൻ ശങ്കരൻ സ്വാഗതം പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top