നഗരത്തില്‍ വൻ ലഹരിമരുന്ന് വേട്ട; 5 പേര്‍ പിടിയില്‍
കോഴിക്കോട്
നഗരത്തിൽ 29 ലക്ഷത്തിന്റെ വൻ മയക്കുമരുന്ന് വേട്ട. അഞ്ച് പേർ അറസ്റ്റിലായി. കുറ്റിച്ചിറ സ്വദേശികളായ സിഎ ഹൗസിൽ സി എ മുഹമ്മദ് (28), സീതിക്ക ഹൗസിൽ എസ് ബി ജാസം അൽത്താഫ് (22), ഫാറൂഖ് കോളേജ് സ്വദേശി ചാത്തൻ പറമ്പിൽ ഫാസിർ (37), മംഗളൂരു സ്വദേശിനി പട്ടർകോടി ഷാഹിദാബാനു (32), ബേപ്പൂർ സ്വദേശി വാണിയം പറമ്പ് മുജീബ് റഹ്മാൻ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡൻസാഫും സിറ്റി പൊലീസും ചേർന്ന് മൂന്നിടങ്ങളിൽനിന്നാണ് എംഡിഎംഎയും ബ്രൗൺഷുഗറും പിടികൂടിയത്. പിടികൂടിയ 571 ഗ്രാം എംഡിഎംഎക്ക് വിപണിയിൽ 25 ലക്ഷവും ബ്രൗൺഷുഗറിന് നാലുലക്ഷം രൂപയും വിലവരുമെന്ന് പൊലീസ് പറഞ്ഞു.
ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി വിൽപ്പനക്കെത്തിച്ചതാണ് മയക്കുമരുന്ന്. ചൊവ്വാഴ്ച പുലർച്ചെ മാങ്കാവിൽ സ്വകാര്യആശുപത്രിക്ക് സമീപത്തുവച്ചാണ് മുഹമ്മദിനെയും ജാസം അൽത്താഫിനെയും പിടികൂടിയത്. ഇവരിൽനിന്ന് 326.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളൂരുവിൽനിന്ന് വൻതോതിൽ മയക്കുമരുന്ന് കോഴിക്കോട്ടെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന കണ്ണിയിലെ അംഗങ്ങളാണിവർ. മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് ഫാസിറിനെയും ഷാഹിദാബാനുവിനെയും 245 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
നർക്കോട്ടിക് അസി. കമീഷണർ കെ ബോസിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും എസ്ഐ സൈഫുള്ള, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പിടികൂടിയത്.
ഉച്ചയോടെയാണ് വലിയങ്ങാടിക്ക് സമീപത്ത്നിന്ന് 45 ഗ്രാം ബ്രൗൺഷുഗറുമായി ബേപ്പൂർ സ്വദേശി വാണിയം പറമ്പ് മുജീബ് റഹ്മാനെ ഡൻസാഫും ടൗൺ അസി. കമീഷണർ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്. ബംഗളുരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് പ്രതികൾ ലഹരി വസ്തുക്കൾ എത്തിച്ചത്. പരിശോധകളിൽനിന്ന് രക്ഷപ്പെടാൻ സ്ത്രീകളെയും കരിയർമാരായി ഉപയോഗിക്കുന്നു. അത്തരത്തിൽപ്പെട്ട ലഹരി കാരിയറാണ് പിടിയിലായ ഷാഹിദാബാനു.
ഡൻസാഫ് എസ്ഐ മനോജ് എടയേടത്ത്, കെ അബ്ദുറഹ്മാൻ, എസ്സിപിഒ കെ അഖിലേഷ്, സിപിഒമാരായ എം കെ ലതീഷ് , പി കെ സരുൺ കുമാർ, എൻ കെ ശ്രീശാന്ത്, ഷിനോജ് മംഗലശേരി, പി അഭിജിത്ത്, പി കെ ദിനീഷ്, കെ എം മുഹമ്മദ് മഷ്ഹൂർ, മെഡിക്കൽ കോളേജ് സ്‌റ്റേഷൻ എസ്ഐ ശ്രീജയൻ, സജി, എസ്സിപിഒ വിനോദ്, ഹസീം, രഞ്ജു, പ്രജീഷ്, നവഗീത് തസ്‌നി, ടൗൺ സ്‌റ്റേഷൻ എസ്ഐ മുരളീധരൻ, ഷബീർ, എഎസ്ഐ സജീവൻ, എസ്സിപിഒ ബിനിൽ കുമാർ എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
ലഹരിവിവരം
അറിയിക്കാം
കഴിഞ്ഞ മാസം മാത്രം കോഴിക്കോട് സിറ്റി പൊലീസ് ചാർജ്‌ചെയ്‌തത് 15 ലഹരിമരുന്ന് വിൽപ്പന കേസുകൾ. ഈ മാസം നാല് വലിയ കേസുകളും ഡൻസാഫ് ടീം പിടികൂടി. ഇതിൽ 600 ഗ്രാം എംഡിഎംഎയും മൂന്ന് കിലോഗ്രാം കഞ്ചാവും 50 ഗ്രാം ബ്രൗൺ ഷുഗറും ഉൾപ്പെടും. ലഹരി ഉപയോഗമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ വാട്‌സാപ്പിലൂടെ അറിയിക്കാം. ഫോൺ: 9995966666. വിവരം നൽകുന്നവരുടെ പേര് രഹസ്യമായിരിക്കും.
0 comments