08 December Sunday
10 മണിക്കൂർ 100 ഗാനങ്ങൾ

പാട്ടിന്റെ ഇളയനിലാവിൽ കോഴിക്കോട്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019
കോഴിക്കോട്‌
ഒരു പകലും രാത്രിയും ഇളയരാജയുടെ ‘ദേവസംഗീത’ത്തിൽ അലിയുകയായിരുന്നു നഗരം. സംഗീതത്തിന്റെ മാന്ത്രികതയാൽ തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിനും പ്രിയങ്കരനായ  ഇളയരാജയുടെ പാട്ടുകൾ കേൾക്കാൻ ഞായറാഴ്‌ചയുടെ അവധി മാറ്റിവച്ചു കോഴിക്കാട്ടുകാർ. 
ഇസൈജ്ഞാനി ഇളയരാജയ്‌ക്ക്‌ ആദരമർപ്പിച്ച്‌ അനൂപ്‌ ശങ്കറാണ്‌ പത്ത്‌ മണിക്കൂർ ഇളയരാജയുടെ ഗാനങ്ങൾ പാടിയത്‌. ഞായറാഴ്‌ച രാവിലെ മുതൽ രാത്രി പത്ത്‌ വരെയായിരുന്നു സംഗീത പരിപാടി. മലയാളത്തിലും തമിഴിലും ഉൾപ്പെടെ മറ്റ്‌ ഭാഷകളിൽ  ഇളയരാജ സംഗീതം നിർവഹിച്ച 100 ഗാനങ്ങളായിരുന്നു അനൂപ്‌ ആലപിച്ചത്‌.
ജനനി..ജനനി..ജഗം നീ  അകം നീ...എന്നു തുടങ്ങുന്ന ഗാനത്തോടെയായിരുന്നു സംഗീതാർച്ചനയുടെ തുടക്കം.  പാട്ടിന്റെ പശ്‌ചാത്തലവും ഗാനത്തിന്റെ പിറവി സംബന്ധിച്ച കഥകളും അവതരിപ്പിച്ചായിരുന്നു ഓരോ ഗാനവും ആലപിച്ചത്‌. കവി കണ്ണദാസന്റെ ഭാവനയിൽ വിരിഞ്ഞ സെന്താഴം പൂവിൽ വന്താടും തെൻട്രൽ എന്ന ഗാനമെത്തിയപ്പോൾ ആസ്വാദകർ താളമിട്ടു. മൂന്നാം പക്കം സിനിമയി ശ്രീകുമാരൻ തമ്പി രചിച്ച ഉണരുമീ ഗാനം വേണുഗോപാലിന്റെ അതേ ആലാപന ശൈലിയിൽ അനൂപ്‌ പാടിയപ്പോഴും ഓളങ്ങൾ എന്ന സിനിമയിലെ ഒഎൻവി രചിച്ച കുളിരാടുന്ന മാനത്ത്‌  എന്ന പാട്ടിനും  സദസ്സിൽ കരഘോഷമുയർന്നു. 
ജനപ്രിയ ഗാനമായ  ചിന്നത്തമ്പിയിലെ തൂളിയിലെ ആടവന്ത...എന്നതായിരുന്നു അടുത്ത ഗാനം.
തുടർന്ന്‌ രാധികയുമായി ചേർന്ന്‌ സുന്ദരി എന്ന ഗാനം പാടി. നെല്ലാ അത്‌ വാനത്ത്‌മേലെ...ഇഞ്ചി ഇടുപ്പഴകി എന്നീ ഗാനങ്ങൾക്ക്‌ ചുവടുവയ്‌ക്കാനും പാട്ടിന്റെ നഗരമായ കോഴിക്കോട്‌ മറന്നില്ല. എന്നാൽ ആസ്വാദകർ കാത്തിരുന്ന ഇളയനിലാ...., മണ്ണിൽ ഇന്ത കാതൽ...തുടങ്ങിയ പാട്ടുകളെത്തിയപ്പോൾ സദസ്സ്‌ നിശ്‌ചലമായി.
ഭാവഗാനങ്ങൾ, സെമി ക്ലാസിക്കൽ, ഫാസ്‌റ്റ്‌ സോങ്‌സ്‌ എന്നീ കാറ്റഗറിയിലുള്ള 100 ഗാനങ്ങളായിരുന്നു സെലക്ട്‌ ചെയ്‌തത്‌. കോഴിക്കോട്‌ ആർട്‌ ലവേഴ്‌സ്‌ അസോസിയേഷൻ (കല) കോഴിക്കോട്‌ മ്യൂസിക്‌ സർക്കിളുമായി ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്‌. ടാഗോർഹാളിൽ  മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു.
പ്രധാന വാർത്തകൾ
 Top