17 September Tuesday

സ്‌കൂളുകളിൽ സൂര്യവെട്ടം

സ്വന്തം ലേഖികUpdated: Wednesday Sep 11, 2019
 
കോഴിക്കോട് 
വൈദ്യുതി ഉൽപ്പാദന രംഗത്ത്‌ പുതുമാതൃക സൃഷ്ടിച്ച്‌ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന സൗരോർജ പദ്ധതി ഒക്ടോബർ രണ്ടാംവാരത്തിൽ പൂർത്തിയാകും. 44 സ്‌കൂളുകളിൽ സൗരോർജ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്‌തമാകുകയാണ്‌ ലക്ഷ്യം. മൂന്നരക്കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്‌. കെഎസ്‌ഇബി എനർജി സേവിങ്സ്‌ വിഭാഗത്തിനാണ്‌ ചുമതല. ക്ഷേമ പവർ കമ്പനി കരാർ ഏറ്റെടുത്തു.
കോഴിക്കോട്‌ സർക്കിളിന്‌ കീഴിൽ 24 ഉം  വടകരയിൽ 20ഉം സ്‌കൂളുകളാണുള്ളത്‌. എല്ലായിടത്തും പാനൽ സ്ഥാപിച്ചു.  ഇതിൽ 25 എണ്ണം പ്രവർത്തനമാരംഭിച്ചു. ദിവസം 1000 യൂണിറ്റ്‌ വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നു. ബാക്കി  സ്‌കൂളുകളിൽ ഈമാസം  ഉൽപ്പാദനം ആരംഭിക്കും. ഇവിടങ്ങളിൽ മീറ്റർ സ്ഥാപിക്കുന്നതടക്കമുള്ള സാങ്കേതിക ജോലികളാണ്‌ നടക്കുന്നത്‌.
പദ്ധതി പൂർണമായാൽ പ്രതിദിനം 500 കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. സ്‌കൂളിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്‌ഇബിക്ക്‌ കൈമാറുന്നുമുണ്ട്‌.  ഇതിനുള്ള തുക കെഎസ്‌ഇബി സ്‌കൂളുകളുടെ അക്കൗണ്ടിലേക്ക്‌ നൽകും. വർഷത്തിൽ ഒന്നരക്കോടി രൂപയോളം സ്‌കൂളുകൾക്ക്‌ വൈദ്യുതി ഇനത്തിൽ ലാഭിക്കാനാകും.  
പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ സ്‌മാർട്‌ ക്ലാസുകൾ നിലവിൽ വന്നു. വൈദ്യുതി ഉപയോഗവും കൂടുതലാണ്. വൈദ്യുതി ചാർജ്‌ നൽകാൻ പ്രയാസമനുഭവിക്കുന്ന സ്‌കൂളുകൾക്ക്‌ പദ്ധതി  ആശ്വാസമാകും. സ്വയം ഉൽപ്പാദിപ്പിക്കുന്ന വൈദ്യതി 25 വർഷക്കാലം സ്‌കൂളുകൾക്ക്‌ ഉപയോഗിക്കാം.
പ്രധാന വാർത്തകൾ
 Top