17 September Tuesday

ഓണനാളിലും കഞ്ഞി കുമ്പിളിൽ...

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019
 
കോഴിക്കോട്
ഓണം വന്നാലും ഉണ്ണി പിറന്നാലും കുമ്പിളിൽ പോലും കഞ്ഞി കുടിക്കാനില്ലാത്തവരായി ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ.   ശമ്പളം നൽകാത്തതിലും അന്യായമായ പിരിച്ചുവിടലിലും പ്രതിഷേധിച്ച്   തൊഴിലാളികളുടെ സമരം 72 ദിവസം പിന്നിട്ടു.
ഭർത്താവിന്റെ മരണത്തിലും തളരാതെ വീടിനും മക്കൾക്കുമായി ജീവിതം സമരമാക്കേണ്ടിവന്ന  സ്ത്രീകളാണ് മാനാഞ്ചിറ ബിഎസ്എൻഎൽ ഓഫീസിന് മുന്നിലെ സമരപ്പന്തലിലെ നോവുന്ന കാഴ്ച. ഉള്ള്യേരി കക്കാടുള്ള എൻ ​ഗിരിജ ഇവരിൽ ഒരാളാണ്. ഭർത്താവിന്റെ മരണശേഷം കുടുംബഭാരം പേറുന്ന ഇവർക്ക് മാസങ്ങളായി ശമ്പളമില്ല. ആഗസ്‌ത്‌ ഒന്നാം തീയതി മുതലാണ്‌ നന്മണ്ട ടെലിഫോൺ എക്സ്ചേഞ്ചിൽനിന്നും പിരിച്ചുവിട്ടത്‌.                         
കൂലിപ്പണിക്കാരനായ മകന്റെ തുച്ഛവേതനമാണ് ഇന്നിവർക്ക് ആശ്രയം.
നരിക്കുനി കുടിലാട്ട് സ്വദേശിനി എം വി രമാദേവിയും ഭർത്താവിന്റെ വിയോ​ഗത്തിൽ കുടുംബത്തെ കരപറ്റിക്കാനുള്ള പെടാപ്പാടിലാണ്. 
ബിഎസ്എൻഎൽ ജീവനക്കാരനായ ഭർത്താവിന്റെ മരണത്തെ തുടർന്നായിരുന്നു ഇവർക്ക് ജോലി ലഭിച്ചത്. എന്നാൽ ഒന്നാം തീയതി മുതൽ ഇവരും തെരുവിലായി. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവും വീട്ടുചെലവും  എങ്ങനെ മുന്നോട്ടുകൊണ്ടുപോവുമെന്ന ആശങ്കയിലാണ് ഇവരും.  തിക്കോടി പള്ളിക്കര സ്വദേശിനി ചാന്ദിനിയുടെ അവസ്ഥയും സമാനമാണ്. ഉള്ളതെല്ലാം വിറ്റാണ് മകളുടെ വിവാഹം നടത്തിയത്. മകന്റെ വരുമാനം മാത്രമാ‌ണ് ഏക ആശ്രയം.  ന​ഗരത്തിലെ വാടക വീട്ടിൽ താമസിക്കുന്ന മാനാഞ്ചിറ എക്സ്ചേഞ്ചിലെ ബേബി അൽഫോൻസക്കും ഒന്നുമുതൽ ജോലിയില്ല. 
850 ഓളം കരാർ തൊഴിലാളികളുള്ള കോഴിക്കോട് ടെലകോം ജില്ലയിൽ 250 തൊഴിലാളികൾക്കാണ്‌ തൊഴിലില്ലാതായത്‌. മറ്റുള്ളവരിൽ ഭൂരിഭാ​ഗം പേർക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയാണ്.  
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെയും സിഐടിയുവിന്റെയും സഹായമാണ് ആശ്വാസമാകുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 
ജൂലൈ ഒന്നിന് ആരംഭിച്ച സമരം ചൊവ്വാഴ്ച പട്ടിണി സമരത്തിലേക്ക് മാറി. ​സിഐടിയു ജില്ലാ ട്രഷറർ ടി ദാസൻ ഉദ്ഘാടനംചെയ്തു.
പ്രധാന വാർത്തകൾ
 Top