20 September Friday

മുഖം മിനുക്കാൻ അതിഥി മന്ദിരം

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

 

 
കോഴിക്കോട്‌
വിഐപികൾക്കും വിവിഐപികൾക്കും  വിശ്രമിക്കാൻ കോഴിക്കോട്‌ അതിഥിമന്ദിരത്തിന്‌ പുത്തൻ കെട്ടിടം. വെസ്‌റ്റ്‌ഹിൽ ചുങ്കത്ത്‌ നിലവിലുള്ള ഗസ്‌റ്റ്‌ഹൗസിന്റെ  പൈതൃക കെട്ടിടത്തിന്‌ സമീപമാണ്‌ പുതിയ അതിഥി മന്ദിരം ഒരുങ്ങുന്നത്‌. നിർമാണം അന്തിമഘട്ടത്തിലാണെന്ന്‌  ഗസ്‌റ്റ്‌ ഹൗസ്‌ മാനേജർ കെ ബിന്ദു പറഞ്ഞു. 
നാല്‌ നില കെട്ടിടമാണ്‌ നിർമിക്കുന്നത്‌. യുഎൽസിസിക്കാണ്‌ നിർമാണ ചുമതല. വയറിങ്‌ ജോലിയും തറയുടെ  പ്രവൃത്തിയും  പൂർത്തിയായി. പെയിന്റിങ്‌ പൂർത്തിയാകാനുണ്ട്‌. 
 പ്രസിഡൻഷ്യൽ സ്യൂട്ട്‌ റും ഉൾപ്പെട 36 മുറികൾ പുതിയ കെട്ടിടത്തിലുണ്ട്‌. വിശാലമായ ഹാളും അടുക്കളയുമുണ്ട്‌.  നാല്‌ വർഷം മുമ്പാണ്‌ ടൂറിസം വകുപ്പ്‌ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്‌.  പത്ത്‌ കോടി രൂപയായിരുന്നു തുടക്കത്തിൽ വകയിരുത്തിയത്‌. 
  വേഗത്തിൽ   നിർമാണം പുരോഗമിച്ചു.  അന്തിമ പ്രവൃത്തികൾക്കായുള്ള അനുമതിക്കായി കാത്തിരിക്കയാണെന്നും അധികൃതർ പറഞ്ഞു. പ്രകൃതി സൗഹൃദ കെട്ടിടമാണെന്ന പ്രത്യേകതയുമുണ്ട്‌. പുതിയ കെട്ടിടം ഒരുങ്ങുമ്പോഴും നിലവിലുള്ള  പൈതൃക കെട്ടിടം അതേപടി സംരക്ഷിക്കുമെന്ന്‌ അധികൃതർ പറയുന്നു.  വിഐപികളിൽ പലരും ഇത്തരം കെട്ടിടത്തിൽ വിശ്രമിക്കാനും താമസിക്കാനുമാണ്‌ ഇഷ്ടപ്പെടുന്നത്‌. അതിനാലാണ്‌ പഴമയുടെ തനിമയിൽ കെട്ടിടം നിലനിർത്തുന്നത്‌ .
 ശാന്തസുന്ദരമായ ചുറ്റുപാടിൽ  പൈതൃകപ്പെരുമ പേറുന്ന കെട്ടിടം എന്ന നിലയിലാണ്‌ കോഴിക്കോട്‌ ഗസ്‌റ്റ്‌ഹൗസ്‌  ശ്രദ്ധേയമാകുന്നത്‌. ബ്രിട്ടീഷ്‌ കാലത്തേതാണ്‌ കെട്ടിടം. നിർമിച്ച വർഷം അറിയില്ലെങ്കിലും നൂറ്‌ വർഷത്തിലധികം പഴക്കമുണ്ടെന്നാണ്‌ വിദഗ്‌ധർ പറയുന്നത്‌. ഏത്‌ ഭാഗത്തു നിന്നും വായുവും വെളിച്ചവും കടന്നുവരുന്നതരത്തിലുള്ള പ്രത്യേക നിർമാണ രീതിയാണ്‌ ഈ കെട്ടിടത്തിന്റെ പ്രത്യേകത.   മരത്തിലും കല്ലിലും ഓടിലുമെല്ലാമുണ്ട്‌  നാട്ടുപഴമയുടെ അടയാളങ്ങൾ.  പൈതൃക കെട്ടിടത്തിൽ നിലവിൽ മൂന്ന്‌ പ്രസിഡൻഷ്യൽ സ്യൂട്ടാണുള്ളത്‌.  ഇത്‌  വിവിഐപികൾക്കുള്ളതാണ്‌.  കൂടാതെ ഡൈനിങ്‌ ഹാളും അടുക്കളയുമുണ്ട്‌.  
 ഇതിനുപുറമെ അനക്‌സ്‌ കെട്ടിടത്തിലും  പത്തിലധികം റൂമുകളുണ്ട്‌.  ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി പ്രധാനമന്ത്രി  നരേന്ദ്രമോഡി കോഴിക്കോട്ടെത്തിയപ്പോൾ  ഗസ്‌റ്റ്‌ഹൗസിൽ വിശ്രമിച്ചിരുന്നു. രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും വന്നപ്പോഴും ഇവിടെയായിരുന്നു താമസം.  ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവും ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top