26 September Saturday

മഴക്കാലത്തെ വെള്ളക്കെട്ട്; അധികൃതർ എൻസി കനാൽ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

 

വടകര
കാലവർഷം കനക്കുമ്പോൾ എൻസി കനാലിന്റെ ഇരു പ്രദേശങ്ങളിലും ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരം കാണാൻ പദ്ധതി ആവിഷ്‌കരിക്കും.  ഇതിനായി മൈനർ ഇറിഗേഷൻ അധികൃതർ എൻസി കനാൽ സന്ദർശിച്ചു. നഗരസഭാ കൗൺസിലർ പി വത്സലന്റെ നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ കെ സി രാജമോഹനൻ, ഓവർസിയർമാരായ എൻ കെ സിലിന, സുമേഷ് എന്നിവരാണ് കനാൽ സന്ദർശിച്ച്  വിലയിരുത്തിയത്. 
എട്ട് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കനാൽ നഗരപരിധിയിലെ കുറുമ്പയിൽ നിന്നാണ് ആരംഭിക്കുന്നത്. ചോറോട് പഞ്ചായത്ത്, ഏറാമല പഞ്ചായത്ത് പരിധിയിലൂടെ മാഹി കനാലിൽ അവസാനിക്കുന്ന ഈ കൈകനാലിലെ ചെളിയും, മണ്ണും നീക്കംചെയ്യാൻ  80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌.  ഈ തുക കൊണ്ട് കനാലിന്റെ മൂന്നിൽ രണ്ടുഭാഗം പ്രവൃത്തി മാത്രമേ നടത്താൻ കഴിയൂ.  
മഴക്കാലത്തെ വെള്ളപ്പൊക്കത്തിന്‌ പരിഹാരമുണ്ടാക്കുകയാണ്‌ പ്രധാന ലക്ഷ്യം. കനാൽ കരകവിഞ്ഞ് ഒഴുകുമ്പോൾ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം ഗ്രൗണ്ടിനുസമീപവും നടക്കുതാഴ അരിക്കോത്ത് താഴ, അക്ലോത്ത് നട പാലത്തിനുസമീപവും അറക്കിലാട്ട് ഭാഗത്തും വെള്ളം കയറി നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിത്താമസിക്കേണ്ട അവസ്ഥയാണ്.   കനാലിന്റെ സംരക്ഷണഭിത്തി പലയിടങ്ങളിലും തകർന്നുകിടക്കുകയാണ്. 
ഇത് സംരക്ഷിക്കാനും നടപടിവേണം.  കനാലിന്റെ ഇരുവശങ്ങളും കെട്ടി ഉയർത്തുന്നതടക്കമുള്ള പ്രവൃത്തിക്കായി കാലവർഷം കഴിഞ്ഞാൽ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. 
കനാലിൽ ജലത്തിന്റെ ലഭ്യത കുറഞ്ഞാൽ കുറ്റിയാടി ഇറിഗേഷൻ കനാലിൽനിന്നും എൻസി കനാലിലേക്ക് വെള്ളം തിരിച്ചുവിടാനുള്ള സാധ്യതയും പരിശോധിക്കും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top