22 March Friday
റെഡ‌്അലർട്ട‌് ഇന്ന‌് വൈകിട്ടുവരെ

വൻ നാശം, 200 വീടുകൾ തകർന്നു

സ്വന്തം ലേഖികUpdated: Saturday Aug 11, 2018
കോഴിക്കോട‌് 
കാലവർഷക്കെടുതിയിൽ ജില്ലയിൽ ഉണ്ടായത‌് വൻ നാശം. രണ്ടുദിവസത്തിനിടെ തകർന്നത‌് ഇരുനൂറോളം വീടുകൾ. 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 966 പേർ കഴിയുന്നു. കനത്തമഴയിലും മലവെള്ളപ്പാച്ചിലിലും ഹെക്ടർകണക്കിന‌് കൃഷി നശിച്ചു.  1.34 കോടി രൂപയുടെ കൃഷിനാശമാണുണ്ടായത‌്. ആകെ നഷ‌്ടം കോടികൾ കവിയും. കക്കയം ഡാം സൈറ്റ‌് റോഡ‌് തകർന്നു.
മഴക്കെടുതി രണ്ടാം ദിവസവും തുടരുന്നു. കാഠിന്യം കുറഞ്ഞെങ്കിലും മലയോരത്ത‌്  കാര്യമായി   മഴ പെയ‌്തു. വെള്ളിയാഴ‌്ച  ജില്ലയിൽ  9.8 മില്ലീ മീറ്റർ മഴ  ലഭിച്ചു.  വ്യാഴാഴ‌്ച ഇത‌് 29 മില്ലിമീറ്ററായിരുന്നു. ഉരുൾപൊട്ടൽ ഭീഷണിക്കുപിന്നാലെ പ്രഖ്യാപിച്ച റെഡ‌് അലർട്ട‌് ശനിയാഴ‌്ച വൈകിട്ട‌് വരെ തുടരും.  ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ കുറ്റ്യാടി, താമരശേരി, മുക്കം, കുന്നമംഗലം, ഫറോക്ക‌് എന്നിവിടങ്ങളിൽ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക‌് തിരികെയെത്തിക്കൊണ്ടിരിക്കുന്നു.  
   15 വീടുകൾ പൂർണമായി തകർന്നു.   ഭാഗികമായി തകർന്ന 170 വീടുകൾ നന്നാക്കിയെടുക്കാൻ സമയമെടുക്കും. മലയോരത്ത‌് പലയിടങ്ങളിലും വൈദ്യുതിയുമില്ല. വടകര താലൂക്കിൽ മലയോരത്ത‌് ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണിയുണ്ട‌്.  കാവിലുംപാറ‐ മരുതോങ്കര പഞ്ചായത്തുകളിലെ ചൂരണി, വട്ടിപ്പാറ, സെൻട്രൽമുക്ക‌്, പശുക്കടവ‌്, പൃക്കൻതോട‌് എന്നിവിടങ്ങളിലും കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകളിലും മണ്ണിടിച്ചില‌ിന‌് സാധ്യതയുണ്ട‌്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കാരിമുണ്ട, മുളവട്ടംകുന്നിലെ ഏഴു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മുളവട്ടം അങ്കണവാടി, കുരുടൻകടവ് അങ്കണവാടി എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ 29 പേരുണ്ട‌്. ശക്തമായ മഴയിൽ വാണിമേൽ നരിപ്പറ്റ പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന പാക്വോയി പാലത്തിന് സമീപം പുഴയുടെ അരിക്  തകർന്നതിനാൽ ഗതാഗതം  നിലച്ചു. വാണിമേൽ വാളാംതോട് പ്രദേശത്ത് നിന്നും മൂന്ന‌് കുടുംബങ്ങളെ അടുപ്പിൽ കോളനിയിലേക്ക് മാറ്റി. മലയങ്ങാട് റോഡ് ഭാഗികമായി തകർന്നു. ചുരത്തിലെ ചുങ്കക്കുറ്റി, രണ്ട‌്, മൂന്ന‌്, നാല‌് വളവുകളിൽ മണ്ണ‌് നീക്കം ചെയ‌്ത‌്   ഗാതാഗത യോഗ്യമാക്കി. 
  താമരശേരി താലൂക്കിലാണ‌് കൂടുതൽ നഷ്ടം റിപ്പോർട്ട‌് ചെയ‌്തത‌്. 98 വീടുകൾ ഭാഗികമായും 15 വീടുകൾ പൂർണമായും തകർന്നു. ഉരുൾപൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട് പാലത്തിലെ പാറകളും മരങ്ങളും നീക്കുന്ന പ്രവൃത്തി സൈന്യത്തിന്റെയും ദുരന്ത  നിവാരണസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തി. 
ഏഴ‌് ദുരിതാശ്വാസ ക്യാമ്പുകളിൽ 170 കുടുംബങ്ങളിലായി 650 പേരാണ‌് ഇവിടെ കഴിയുന്നത‌്. പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ് ജോസഫ് സ്‌കൂൾ, മണൽവയൽ എകെടിഎം സ്‌കൂൾ, തിരുവമ്പാടി പഞ്ചായത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂൾ, മുത്തപ്പൻപുഴ എൽപി സ്‌കൂൾ, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എൽപി സ്‌കൂൾ  എന്നിവിടങ്ങളിലാണ‌് ക്യാമ്പുകളുള്ളത‌്. 
  മുക്കത്ത‌് വെള്ളിയാഴ്ചയും മഴ പെയ‌്തു. കൊടിയത്തൂർ, കാരശേരി, തിരുവമ്പാടി, മുക്കം നഗരസഭ എന്നിവിടങ്ങളിൽ വെള്ളം താഴ‌്ന്നിട്ടില്ല. ഇരുവഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ ജലനിരപ്പ‌് ഉയർന്നുതന്നെയാണുള്ളത‌്. തൃക്കുടമണ്ണ ക്ഷേത്രത്തിൽ ബലിതർപ്പണം നിർത്തിവെച്ചു. മലയോരത്തെ തിരുവമ്പാടി ‐ കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ടഞ്ചാൽ റോഡ‌്, മറിപ്പുഴ‐ മുത്തപ്പൻപുഴ റോഡ‌്, ഓമശേരി‐ തിരുവമ്പാടി ‐ പുല്ലൂരാമ്പാറ റോഡ‌് എന്നിവയെല്ലാം ഭാഗികമായി തകർന്നു. മുക്കംപാലത്തിനു സമീപമുള്ള ചോണാട‌് റോഡിന്റെ തകർച്ച പൂർണമാണ‌്. 
കൊയിലാണ്ടി താലൂക്കിൽ 65 വീടുകളിൽ വെള്ളം കയറി.  മുതുകാട്  ഗവ. എൽ പി സ്‌കൂൾ , കരിയാത്തൻ പാറ സെന്റ് ജോസഫ് എൽപി സ്‌കൂൾ എന്നീ ക്യാമ്പുകളിലേക്ക് 13 കുടുംബങ്ങളിൽ നിന്നായി 65 പേരെ മാറ്റിപ്പാർപ്പിച്ചു. 
    കോഴിക്കോട് താലൂക്കിൽ ഫറോക്കിലാണ‌് കൂടുതൽ ദുരിതമുള്ളത‌്. ഇവിടെ മാത്രം ആയിരത്തോളം വീടുകളിൽനിന്ന‌് ആളുകൾ ഒഴിഞ്ഞുപോയിട്ടുണ്ട‌്.  ചെറുവണ്ണൂർ ഗവ. ജിഎച്ച‌്എസ‌്എസ‌്, ഫറോക്ക‌് നല്ലൂർ ജിഎൽപിഎസ‌് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുകയാണിവർ.   മാവൂർ സാംസ്‌കാരിക നിലയം, കച്ചേരിക്കുന്ന് അങ്കണവാടി, പുതുക്കുടി അങ്കണവാടി, തോണിച്ചിറ സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലും ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top