16 February Saturday

നടുവണ്ണൂർ സബ് റജിസ്ട്രാർ ഓഫീസിന‌് പുതിയ കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

 

നടുവണ്ണൂർ
സ്വാതന്ത്ര്യ സമര സ്മാരകമായ നടുവണ്ണൂർ സബ് റജിസ്ട്രാർ ഓഫീസ് പൊളിച്ച് പുതിയ കെട്ടിടം നിർമിക്കുന്നു. കാലപ്പഴക്കത്താൽ ജിർണിച്ചതും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കൊണ്ട് ബുദ്ധിമുട്ടുന്നതിനാലും പുതിയ കെട്ടിടം നിർമിക്കണമെന്ന ഏറെ നാളത്തെ ആവശ്യത്തിനാണ് എൽഡിഎഫ് സർക്കാർ പരിഹാരം കാണുന്നത‌്. 
പുരുഷൻ കടലുണ്ടി എംഎൽഎയുടെ നിരന്തര ശ്രമത്തിന്റെ ഫലമായി കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരു കോടി 11 ലക്ഷം  ചെലവിലാണ്  കെട്ടിടം നിർമിക്കുന്നത്. 1942ൽ ക്വിറ്റ് ഇന്ത്യാ സമര കാലത്ത് റജിസ്ട്രർ ഓഫീസ് കത്തിനശിച്ചിരുന്നു. 1943 ലാണ് പുനർനിർമിച്ചത്. 
പുതുതായി നിർമിക്കുന്ന കെട്ടിടം സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് പുരുഷൻ കടലുണ്ടി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയും പുരാവസ്തു വകുപ്പിനോട് കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മൂന്ന് നിലകളുള്ള പുതിയ കെട്ടിടത്തിൽ ഓഫീസ്, റിക്കാർഡ് റൂം, കോൺഫ്രൻസ് ഹാൾ എന്നിവയുണ്ട്. 
അഞ്ച് പഞ്ചായത്തുകൾ പരിധികളായി വരുന്ന റജിസ്ട്രാർ ഓഫീസ് പുതിയ കെട്ടിടത്തിലാവുന്നതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാവും.   19ന് പകൽ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും.പരിപാടി  വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം പുരുഷൻ കടലുണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ‌് യശോദ തെങ്ങിട അധ്യക്ഷയായി. വൈസ് പ്രസിഡന്റ‌് പി അച്യുതൻ, സബ് റജിസ്ട്രാർ രാജ്മോഹൻ, റജിസ്ട്രേഷൻ ഡിഐജി പി ചന്ദ്രൻ   എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top