23 January Wednesday

മലയോര മഹോത്സവത്തിന് ഇന്ന് തിരിതെളിയും

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
മുക്കം
പ്രളയത്തിൽ തളർന്ന മലയോര മേഖലയുടെ വീണ്ടെടുപ്പിനായി ഒരുക്കുന്ന കാർഷിക-- വ്യാവസായിക --വിദ്യാഭ്യാസ-- സാംസ‌്കാരിക - കലാകായിക - ടൂറിസം മേള  "മലയോര മഹോത്സവം 2019’ന് വെള്ളിയാഴ്ച വൈകിട്ട് അഗസ്ത്യൻമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടക്കമാവും. ജില്ലാ പഞ്ചായത്തിന്റെയും തിരുവമ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കൊടുവള്ളി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുകളും അവയ്ക്ക് കീഴിലെ 17 പഞ്ചായത്തുകളും മുക്കം, കൊടുവള്ളി നഗരസഭകളും  സംയുക്തമായി സഹകരിച്ചാണ് "അതിജീവനത്തിന് ഒരു കൈത്താങ്ങ്'എന്ന സന്ദേശവുമായി മഹോത്സവം ഒരുക്കുന്നത്. മലയോര കർഷകരുടെയും 
ചെറുകിട വ്യവസായികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ഉൽപ്പന്നങ്ങളുടെ വിപണനമാണ് മേളയുടെ പ്രധാന ലക്ഷ്യം. കൃഷി- മൃഗസംരക്ഷണ വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, പൊലീസ്, കെഎസ്ഇബി, ഐഒസി, എൻഐടി, മെഡിക്കൽ കോളേജ്, പിആർഡി, ബിഎസ്എൻഎൽ, എം വി ആർ ക്യാൻസർ സെന്റർ, എക്സൈസ്, വനം വകുപ്പുകൾ, കുടുംബശ്രീ തുടങ്ങി 25 ഓളം വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും 80 ലധികം മറ്റ് ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും മഹോത്സവ നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് മുക്കം പുതിയ ബസ് സ്റ്റാൻഡ‌് പരിസരത്തുനിന്ന‌് ആരംഭിക്കുന്ന സാംസ‌്കാരിക ഘോഷയാത്രക്കുശേഷം ചേരുന്ന ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ  മഹോത്സവത്തിന് തിരി തെളിക്കും. ജോർജ് എം തോമസ് എംഎൽഎ അധ്യക്ഷനാകും. 
വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, എ സുന്ദരൻ പ്രണവം, പി ജെ അഗസ്റ്റ്യൻ, സി ഗണേഷ് ബാബു,  കെ ഡി ആന്റണി, കെ കെ ദിവാകരൻ, അജു എമ്മാനുവൽ എന്നിവർ പങ്കെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top