12 December Thursday

വിടപറഞ്ഞത് സൗമ്യനായ വിപ്ലവകാരി

വി ബൈജുUpdated: Sunday Nov 10, 2024

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അന്തിമോപചാരമർപ്പിക്കുന്നു

 

കോഴിക്കോട്
പ്രതിസന്ധി ഘട്ടങ്ങളിലും പതറാത്ത, സദാ സൗമ്യത തുളുമ്പുന്ന ഭാവമായിരുന്നു പി ലക്ഷ്മണന്റെ പ്രത്യേകത. ഏത്‌ പ്രതിസന്ധിയിലും നഗരത്തിൽ നിറഞ്ഞുനിന്ന നേതാവിനെയാണ് പി ലക്ഷ്മണന്റെ വിയോഗത്തോടെ നഷ്ടമായത്. നഗരത്തിലെ ഓട്ടോ തൊഴിലാളികൾ മുതൽ വ്യവസായികൾ വരെയുള്ള വലിയ സൗഹൃദവലയം അദ്ദേഹത്തെ ജനങ്ങളുടെ പ്രിയനേതാവാക്കി. പതിനെട്ടാം വയസ്സിൽ കേരള സോപ്‌സിൽ ജോലിയിൽ ചേർന്നപ്പോഴാണ് പൊതുരംഗത്തേക്ക് വരുന്നത്. യൂണിയൻ സെക്രട്ടറിയായി തുടങ്ങിയ ലക്ഷ്മണൻ 60 വർഷം മുമ്പ് പാർടി അംഗമായി. പിന്നീട് കെഎസ്‌വൈഎഫിന്റെയും സിപിഐ എമ്മിന്റെയും നേതാവായി വളർന്നു. സിപിഐ എം നടക്കാവ്, പുതിയങ്ങാടി ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. അവിഭക്ത കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റിയുടെ വിഭജനത്തെ തുടർന്ന് ടൗൺ ഏരിയാ കമ്മിറ്റിയുടെയും സെക്രട്ടറിയായതോടെ ജില്ലാ കമ്മിറ്റിയിലെത്തി. ദീർഘകാലം ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. സഹകാരിയായും തിളങ്ങിയ ലക്ഷ്മണൻ പ്രസിഡന്റായിരിക്കെ കലിക്കറ്റ് നോർത്ത് സർവീസ് സഹകരണ ബാങ്കിനെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അർബൻ ബാങ്ക് ഡയറക്ടറായും സിഐടിയു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി അംഗവും കലിക്കറ്റ് നോർത്ത് ബാങ്ക് ഡയറക്ടറുമായി പ്രവർത്തിച്ചുവരികയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുകയെന്നതും അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. 
ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, സി പി മുസാഫർ അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി വി നിർമലൻ, ഇ പ്രേംകുമാർ, ഏരിയാ സെക്രട്ടറി കെ രതീഷ് എന്നിവർ ചേർന്ന് മൃതദേഹത്തിൽ പതാക പുതപ്പിച്ചു. ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം സമർപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ കെ കെ മുഹമ്മദ്, കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി പി ദാസൻ, പി നിഖിൽ, എൻസിപി ജില്ലാ സെക്രട്ടറി ടി പി വിജയൻ, വേണു അമ്പലപ്പടി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top