12 December Thursday
ആവേശം 
അലകടലാവും

കൊച്ചിയോ കോഴിക്കോടോ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കേരള പ്രീമിയർ ലീഗ് ഫൈനലിൽ ഫോഴ്‌സ കൊച്ചിയെ നേരിടുന്ന കാലിക്കറ്റ് എഫ് സി താരങ്ങൾ പരിശീലനത്തിൽ

 സ്വന്തം ലേഖകൻ

കോഴിക്കോട്
സൂപ്പർ ലീഗ് കേരളയുടെ ഫൈനൽ വെടിക്കെട്ട് പൂരം ഇന്ന്‌. കാൽപ്പന്തുകളിയെ ഹൃദയത്തിലേറ്റുന്ന കോഴിക്കോട്ട്‌ ആതിഥ്യമരുളുന്ന കലാശപ്പോരിൽ  ആര്‌ മുത്തമിടുമെന്നാണ്‌ ആരാധകർ കാത്തിരിക്കുന്നത്‌. ഏഴരക്കിലോ വെള്ളിയിൽ തീർത്ത കപ്പ്‌ കലിക്കറ്റ്‌ എഫ്‌സി ഉയർത്തുമോ അതോ ഫോഴ്‌സ കൊച്ചിയോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാത്രി എട്ടിനാണ്‌ ഫൈനൽ. കോർപറേഷൻ ഇ എം എസ്‌  സ്‌റ്റേഡിയത്തിൽ കാൽലക്ഷം കാണികളെത്തുമെന്നാണ്‌ സംഘാടകരുടെ കണക്കുകൂട്ടൽ.  സൂപ്പർ ലീഗിൽ  32 മത്സരങ്ങൾക്കുശേഷം  ഗ്രാൻഡ് ഫിനാലെയ്ക്ക് കളമൊരുങ്ങിക്കഴിഞ്ഞു.  ഇത്തവണത്തെ സൂപ്പർ ലീഗ്‌ കാണാൻ ഇതുവരെ ഗ്യാലറിയിലെത്തിയത്‌ 4,40,000കാണികളാണ്‌. 
സൂപ്പർ ലീഗിൽ ഇതുവരെ ഇരുടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഒരുകളി സമനിലയിൽ കലാശിച്ചു, രണ്ടാം കളിയിൽ ജയം കലിക്കറ്റിനൊപ്പമായിരുന്നു. സ്വന്തം തട്ടകത്തിൽ കിരീടമുയർത്തുകയെന്നത്‌ കലിക്കറ്റിന്റെ സ്വപ്‌നസാഫല്യമാണ്‌. എന്നാ ൽ ഫൈനലിൽ ഫോഴ്‌സ ബൂട്ടുകെട്ടുന്നത്‌ വിജയം മാത്രം ലക്ഷ്യമിട്ടാണ്‌.   ഒന്നാം സെമിയിൽ ഒരുഗോളിന്‌ പിന്നിൽനിന്നശേഷം  ജോൺ കെന്നഡിയും ഗനി അഹമ്മദ് നിഗവും  നേടിയ ഗോളിൽ തിരുവനന്തപുരം കൊമ്പൻസിനെ തളച്ചാണ്‌ കലിക്കറ്റ്‌ ഫൈനലിലെത്തിയത്‌. രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്‌സിനെ രണ്ടുഗോളുകൾക്ക്‌ തകർത്താണ്‌ -ഫോഴ്‌സ അവസാനപ്പോരിനിറങ്ങുന്നത്‌. 
നാലുഗോൾ വീതം നേടിയ കെർവിൻസ് ബെൽഫോർട്ടും കോഴിക്കോട്ടുകാരൻ ഗനി അഹമ്മദ് നിഗമുമാണ് കലിക്കറ്റിന്റെ തുരുപ്പുചീട്ടുകൾ.  ഫോഴ്‌സ കൊച്ചിയുടെ ഹീറോ ദോറിയൽട്ടൻ ആണ്. ഏഴുഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്‌കോററാണ്‌. രണ്ടാംസെമിയിൽ ഈ ബ്രസീലിയൻതാരം നേടിയ ഇരട്ടഗോളിലാണ്‌ ഫോഴ്‌സ ഫൈനൽ ബർത്തുറപ്പിച്ചത്‌. കട്ടയ്ക്ക് നിൽക്കുന്ന താരങ്ങൾ എതിർച്ചേരിയിലായി നിലയുറപ്പിക്കുമ്പോൾ കോഴിക്കോട്ടെയും മലപ്പുറത്തെയും കായികപ്രേമികൾക്ക് ഞായറാഴ്‌ച  സമ്മാനിക്കുന്നത് ശരിക്കുമൊരു പൂരക്കാഴ്ചയാവും. ഫോഴ്‌സ കൊച്ചിയുടെ സഹ ഉടമയും പ്രശസ്ത താരവുമായ പൃഥ്വിരാജും കലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡറും  നടനുമായ ബേസിൽ ജോസഫും അവരവരുടെ ടീമുകളെ പിന്തുണയ്ക്കാൻ ഗ്രൗണ്ടിലെത്തും. ഗ്യാലറിയെ സമ്പന്നമാക്കാൻ നിരവധി ഇന്ത്യൻ സൂപ്പർ ലീഗ്, ഐ-ലീഗ് താരങ്ങളും വെറ്ററൻ താരങ്ങളുമെ ത്തും. വിജയികൾക്ക്‌ മന്ത്രി വി അബ്ദുറഹ്മാൻ ട്രോഫി സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top