13 December Friday

- ജില്ലാ സ്‌കൂൾ കലോത്സവം സ്‌റ്റേജിതര മത്സരങ്ങൾക്ക്‌ നാളെ തുടക്കം

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2019

  കൽപ്പറ്റ

ജില്ലാ സ്‌കൂൾ കലോത്സവത്തിന് തിങ്കളാഴ്‌ച പടിഞ്ഞാറത്തറയിൽ തിരിതെളിയും. 11, 12 തീയതികളിൽ സ്‌റ്റേജിതര മത്സരങ്ങളാണ് അരങ്ങേറുക. 13 മുതൽ സ്‌റ്റേജ്‌ മത്സരങ്ങൾ ആരംഭിക്കും.  മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി വർക്കിങ്‌ ചെയർപേഴ്‌സൺ കെ ബി നസീമ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   13ന് രാവിലെ പത്തിന്‌  സി കെ ശശീന്ദ്രൻ എംഎൽഎ മേള ഉദ്‌ഘാടനം ചെയ്യും. ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള  മുഖ്യാഥിതിയാവും. സമാപനം 15ന് വൈകിട്ട് നാലിന് ഒ ആർ കേളു എംഎൽഎ ഉദ്ഘാടനവും ഐ സി ബാലകൃഷ്ണൻ എംഎൽഎ സമ്മാനവും വിതരണം ചെയ്യും. ജില്ലയിലെ 228 വിദ്യാലയങ്ങളിലെ മൂവായിരത്തോളം കുട്ടികൾ മേളയിൽ പങ്കെടുക്കും. പത്ത്‌ വേദികളിലായി 297 ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. രാഷ്ട്രപിതാവിന്റെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി മഹാത്മജിയുടെ സ്‌മരണ ഉയർത്തിയാണ്‌ വേദികൾക്ക് പേര് നൽകിയത്. 
സബർമതി, മഹാത്മ, കീർത്തിമന്ദിർ, നവജീവൻ, ചമ്പാരൻ, സ്വരാജ്, നവഖാലി,  വാർധ, സേവാഗ്രാം, സർവോദയ എന്നീ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. മേളയുടെ പ്രചാരണത്തിനായി പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്രിയേറ്റീവ് ക്ലബ് അംഗങ്ങൾ നിർമിച്ച കലോത്സവ ബ്ലോഗ് പ്രവർത്തിക്കുന്നുണ്ട്.  
 ലിറ്റിൽ കൈറ്റ്‌സ് ക്ലബിലെ അംഗങ്ങൾ മത്സരങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്യും. കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി കലോത്സവ നഗരിയിലേക്കുള്ള പാതകളിലെ സ്‌കൂളുകൾക്ക് 'വീഥിയൊരുക്കാം' എന്ന പേരിൽ കുടിൽക്കെട്ടി അലങ്കരിക്കൽ മത്സരം സംഘടിപ്പിച്ചിരുന്നു. 11ന് പടിഞ്ഞാറത്തറയിൽ കലാമേളയുടെ വരവറിയിച്ച്‌  വിളംബര ജാഥ നടത്തും.    
ജില്ലാ പഞ്ചായത്തംഗങ്ങളായ വർഗീസ് മുരിയൻകാവിൽ, പി ഇസ്മയിൽ, പടിഞ്ഞാറത്തറ പഞ്ചായത്തംഗം കെ ഹാരിസ്, പടിഞ്ഞാറത്ത സ്‌കൂൾ പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, നജീബ് മണ്ണാൻ, വി പി അശോകൻ,  പി ബിജുകുമാർ, പി വി സുമേഷ് എന്നിവരും  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top