16 November Saturday

നിയമം തെറ്റിച്ചാൽ ഇനി ക്ലാസിലിരിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019
കോഴിക്കോട‌്
നിയമം തെറ്റിച്ച‌് വാഹനമോടിച്ച‌് പിടിക്കപ്പെട്ടാൽ  ഇനി പിഴ അടച്ച‌് രക്ഷപ്പെടാനാവില്ല. രണ്ട‌് മണിക്കൂർ ട്രാഫിക‌് ബോധവൽക്കരണ ക്ലാസിലിരുന്ന‌് നിയമം പഠിച്ചിട്ടേ മടങ്ങാനാവൂ.  
   ഇരുചക്രവാഹനങ്ങളിലെ നിയമ ലംഘകർക്കാണ‌് ട്രാഫിക‌് പൊലീസിന്റെ ഈ സ‌്റ്റഡി ക്ലാസ‌് ശിക്ഷ.  ബൈക്ക‌് ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, മൂന്ന‌് പേരുമായുള്ള യാത്ര, സിഗ‌്നൽ തെറ്റിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾക്ക‌് പിടിക്കപ്പെടുന്നവർക്കാണ‌് ചേവായൂരിലെ ട്രാഫിക‌് പൊലീസ‌് ഓഫീസിലെ ബോധവൽക്കരണ ക്ലാസ‌് ശിക്ഷണം. 15 മുതൽ പുതിയ രീതി നടപ്പാക്കും. 
കേസ‌് ചാർജ‌് ചെയ‌്താൽ  ക്ലാസിന‌് വരാൻ  അറിയിപ്പ‌് നൽകും.   കോഴിക്കോട‌്, താമരശേരി താലൂക്ക‌ുകളിലാണ‌് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക‌. ബോധവൽക്കരണത്തിന‌് പുറമെ മറ്റുചില  ശിക്ഷാരീതികളും  ട്രാഫിക‌് പൊലീസ‌് ആലോചിക്കുന്നുണ്ട‌്. 
   അമിതവേഗം കുറയ‌്ക്കാൻ പ്രത്യേക ബോധവൽക്കരണ പരിപാടികൾ ആവിഷ‌്കരിക്കും. 200 സിസിയിൽമുകളിലുള്ള ബൈക്കുകളുടെ ഉടമസ്ഥർക്ക‌്  ബോധവൽക്കരണം നൽകും. ക്രമേണ  മറ്റു വാഹനങ്ങൾക്കും ഇത‌് ബാധകമാക്കുമെന്ന‌് കോഴിക്കോട‌് ആർടിഒ എൻഫോഴ‌്സ‌്മെന്റ‌് പി എം ഷബീർ പറഞ്ഞു. ‘സേഫ‌് കേരള’ യുടെ ഭാഗമായുള്ള പുതിയ നടപടികൾക്ക‌് ഓരോ താലൂക്കിലും മൂന്ന‌് മോട്ടോർ വെഹിക്കിൾ ഇൻസ‌്പെക്ടർമാർക്കാണ‌് ചുമതല.
പ്രധാന വാർത്തകൾ
 Top