വളയം
അഴുക്കുചാലിൽ 300 ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയതിനെ തുടർന്ന് വ്യാപാരിക്ക് 50,000 രൂപ പിഴ ചുമത്തി. കട അടച്ചുപൂട്ടാനും പഞ്ചായത്ത് നോട്ടീസ് നൽകി. വളയം ടൗണിലെ സ്റ്റേഷനറി കടയ്‌ക്കാണ് പഞ്ചായത്ത് പിഴ ചുമത്തിയത്. മലിനജലം ഒഴുക്കിയതിനും മദ്യക്കുപ്പികൾ ഓടയിൽ തള്ളിയതിനുമാണ് പിഴ. വെള്ളി രാവിലെ ശുചീകരണ പ്രവൃത്തിക്കിടെയാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്.
സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി ആയിരുന്നു ശുചീകരണം. സ്റ്റേഷനറി കടയുടെ മുന്നിലെ കോൺക്രീറ്റ് സ്ലാബ് നീക്കിയപ്പോഴാണ് അഴുക്കുചാൽ നിറയെ മദ്യക്കുപ്പി കണ്ടത്. 10 ചാക്കിലായി മുന്നൂറോളം മദ്യക്കുപ്പികളാണ് നീക്കിയത്. കടയിലെ മലിനജലം ഓടയിലേക്ക് ഒഴുക്കാൻ പ്രത്യേകം പൈപ്പ് സ്ഥാപിച്ചതും കണ്ടെത്തി. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്. പഞ്ചായത്ത് സെക്രട്ടറി കെ വിനോദ് കൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി സജീവൻ, സന്തോഷ് എന്നിവരാണ് പരിശോധന നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..