കോഴിക്കോട്
നവീകരണം നടക്കുന്ന സിഎച്ച് മേൽപ്പാലം 13 മുതൽ അടച്ചിടും. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ് അടയ്‌ക്കുന്നത്. രണ്ടുമാസത്തേക്ക് യാത്ര നിരോധിക്കും. ഗാന്ധിറോഡ് മേൽപ്പാലത്തിലൂടെ ഉൾപ്പെടെ ഗതാഗതം തിരിച്ചുവിടുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ ഇ ബൈജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സംവിധാനമൊരുക്കും. 60 പൊലീസുകാരെ അധികമായും 60 സിവിൽ വളന്റിയർമാരെയും വിന്യസിക്കും. ഗതാഗത ക്രമീകരണത്തിന് സൂചനാ ബോർഡുകൾ സ്ഥാപിക്കും.
റെയിൽവേ ലൈനിന് ഇടതുവശം സ്‌കൂളുകൾക്കുസമീപം അപകട മുന്നറിയിപ്പ് നൽകാൻ റെയിൽവേ ശ്രദ്ധിക്കും. ട്രെയിൻ ലെവൽക്രോസിലെത്തുമ്പോൾ ഹോൺ മുഴക്കാൻ ലോക്കോ പൈലറ്റുമാർക്ക് നിർദേശം നൽകും. ലെവൽ ക്രോസുകളിൽ വെളിച്ചമൊരുക്കും.
ഗതാഗത ക്രമീകരണം
● കല്ലായി ഭാഗത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡ് വഴി ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസ്സുകൾ ഓയിറ്റി റോഡ്, മോഡൽ സ്കൂൾ ജങ്‌ഷൻ വഴി ക്രിസ്ത്യൻകോളേജ് ജങ്‌ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് മേൽപ്പാലം കയറി പോകണം.
● ഗാന്ധി റോഡ് വഴി വരുന്ന സിറ്റി ബസ്സുകൾ മേൽപ്പാലം കയറി മലബാർ ക്രിസ്ത്യൻ കോളേജിന്റെ കിഴക്കുവശത്തുകൂടി വയനാട് റോഡ് വഴി ബിഇഎം സ്കൂൾ സ്റ്റോപ്പ് വഴി പോകണം
● കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാളയം ജങ്‌ഷൻ കല്ലായി റോഡ് ലിങ്ക് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് റെയിൽവേ മേൽപ്പാലം വഴി പോകണം
● സിഎച്ച് ഫ്ലൈ ഓവർ കയറി കോടതി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എൽഐസി ജങ്‌ഷൻ, വൈക്കം മുഹമ്മദ് ബഷീർ റോഡ് വഴി ഇടത്തോട്ട് തിരിഞ്ഞ് രണ്ടാംഗേറ്റ് കടന്നുപോകണം.
● നടക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഗാന്ധിറോഡ് മേൽപ്പാലം വഴി ബീച്ചിലേക്കും കോടതി ഭാഗത്തേക്കും പോകണം.
● പന്നിയങ്കര, മാങ്കാവ് തുടങ്ങി തെക്കുഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ഫ്രാൻസിസ് റോഡ് ഫ്ലൈ ഓവർ കയറി പോകണം
● മലപ്പുറം, പാലക്കാട്, മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് വന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ അരയിടത്തുപാലം വഴി സരോവരം ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്ലൈ ഓവർ കയറി പോകണം
● വയനാട് ഭാഗത്തുനിന്ന് ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിറ്റിയിൽ പ്രവേശിക്കാതെ എരഞ്ഞിപ്പാലം വഴി സരോവരം ജങ്‌ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ ഗാന്ധി റോഡ് ഫ്ലൈ ഓവർ കയറി പോകണം.
വാർത്താസമ്മേളനത്തിൽ ട്രാഫിക് അസി. കമീഷണർ എ ജെ ജോൺസൺ, ട്രാഫിക് എസ്‌ഐ എം മനോജ് ബാബു എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..