കോഴിക്കോട്
പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള സമയപരിധി വെള്ളിയാഴ്‌ച അവസാനിച്ചപ്പോൾ ജില്ലയിൽ അപേക്ഷിച്ചത് 47,064 വിദ്യാർഥികൾ. എസ്‌എസ്‌എൽസി വിജയിച്ച 44,492 പേരും സിബിഎസ്‌സി കഴിഞ്ഞ 1789 പേരും ഐസിഎസ്‌സി കഴിഞ്ഞ 116 പേരും അപേക്ഷകരിലുണ്ട്. 667 വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലെ ബോർഡ് പരീക്ഷ ജയിച്ചവരാണ്. ട്രയൽ അലോട്ട്മെന്റ് 13ന് വരും.
മറ്റ് ജില്ലകളിലെ 3989 വിദ്യാർഥികൾ ജില്ലയിൽ പ്ലസ്‌വണ്ണിന് അപേക്ഷിച്ചിട്ടുണ്ട്. 618 പേർ സ്‌പോർട്‌സ് ക്വോട്ടയിൽ ആദ്യഘട്ടം പൂർത്തിയാക്കി. 122 പേരുടെ സ്‌പോർട്‌സ് കൗൺസിൽ വെരിഫിക്കേഷൻ കഴിഞ്ഞു.
ജില്ലയിൽ ഇത്തവണ 43,040 പേരാണ് എസ്‌എസ്എൽസി പരീക്ഷയിൽ ഉപരിപഠനയോഗ്യത നേടിയത്. 33,882 സീറ്റാണ് ഹയർ സെക്കൻഡറിയിലുണ്ടായിരുന്നത്. സർക്കാർ ഈ വർഷം ഏഴായിരത്തിലധികം സീറ്റ് വർധിപ്പിച്ചു. സർക്കാർ സ്‌കൂളിൽ 30 ശതമാനവും എയ്‌ഡഡ് സ്‌കൂളിൽ 20 ശതമാനവും സീറ്റ് വർധിപ്പിച്ചു. ഇതിനുപുറമേ അടിസ്ഥാന സൗകര്യമുള്ള എയ്‌ഡഡ് സ്‌കൂളുകളിൽ അപേക്ഷപ്രകാരം 10 ശതമാനം സീറ്റും അനുവദിച്ചു. പോളിടെക്‌നിക്, ഐടിഐ തുടങ്ങിയവയിലും സീറ്റുകളുണ്ട്. സർക്കാരിന്റെ സീറ്റ് വർധനയും മറ്റ് കോഴ്‌സുകളും കൂടിയാകുമ്പോൾ എല്ലാവർക്കും ഉപരിപഠനത്തിന് അവസരമൊരുങ്ങും. മുൻ വർഷങ്ങളിൽ സയൻസ് കോമ്പിനേഷനുകളിൽ ഉൾപ്പെടെ സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. കഴിഞ്ഞ വർഷം 5048 വിദ്യാർഥികളാണ് ഓപ്പൺ സ്‌കൂൾവഴി പ്ലസ്‌വണ്ണിന് രജിസ്റ്റർചെയ്‌തത്. ഇത്തവണ ഇത് ഗണ്യമായി കുറയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..