18 June Tuesday

വടകര കുടുംബകോടതിക്ക്‌ സ്വന്തം കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
വടകര
വടകര കുടുംബ കോടതിക്ക്‌ സ്വന്തം കെട്ടിടം യാഥാർഥ്യമാകുന്നു. സംസ്ഥാന സർക്കാരും ഹൈക്കോടതിയും കെട്ടിടം നിർമിക്കാനുള്ള  അന്തിമ അനുമതി നൽകി. നിലവിൽ അഡ്വക്കറ്റ്‌സ്‌ അസോസിയേഷനും അഡ്വക്കറ്റ്‌ ക്ലാർക്ക്‌ അസോസിയേഷനും പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ച്‌ മാറ്റിയാണ്‌ പുതിയ കെട്ടിടം നിർമിക്കുക. 2.56 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടം ഉടൻ പൂർത്തിയാക്കാനാണ്‌തീരുമാനം.  വടകര ബാർ  അസോസിയേഷൻ  പ്രസിഡന്റ്‌ അഡ്വ. കെ എം രാംദാസ്‌, സെക്രട്ടറി ഇ വി ലിജീഷ്‌ എന്നിവരുടെ ഇടപെടലാണ്‌ കെട്ടിട നിർമാണ അനുമതിക്ക്‌ വേഗതകൂട്ടിയത്‌. കുടുംബകോടതി പ്രവർത്തിക്കുന്ന നിലവിലെ മുറി പരിമിതമായ സൗകര്യത്താൽ വീർപ്പ്‌ മുട്ടുകയാണ്‌. വർധിച്ച്‌ വരുന്ന കുടുംബ കേസുകളിലെ കക്ഷികളെയും അഭിഭാഷകരെയും ഉൾക്കൊള്ളാൻ കോടതി മുറിക്കില്ല.
 വേനൽക്കാലത്ത്‌ കടുത്ത ചൂടിൽ തിങ്ങി നിറഞ്ഞാണ്‌ കോടതി പ്രവർത്തിക്കുന്നത്‌. 1200ഓളം കേസുകളും 240 അഭിഭാഷകരും അറുപതോളം ക്ലാർക്കുമാരും  കുടുംബകോടതിയിൽ ഇടപഴകുന്നുണ്ട്‌. 150ഓളം കേസുകൾ ശരാശരി ഒരു ദിവസം കൈകാര്യം ചെയ്യുന്ന കോടതി മുറി  അസൗകര്യങ്ങളുടെ നടുവിലാണ്‌. വടകര താലൂക്ക്‌ പരിധിയിലുള്ള കുടുംബ കോടതിയിൽ കൊയിലാണ്ടി താലൂക്കിന്റെ  ചില ഭാഗങ്ങളിലെ കേസുകളുമുണ്ട്‌. കോടതി സമുച്ചയത്തിൽ ഉണ്ടായിരുന്ന ബാർ അസോസിയേഷൻ ഹാൾ കുടുംബ കോടതി പ്രവർത്തിക്കുന്നതിനായി താൽക്കാലികമായി വിട്ട്‌ നൽകുകയായിരുന്നു. നിലവിൽ പ്രവർത്തിക്കുന്ന അഡ്വക്കറ്റ്‌സ്‌ അസോസിയേഷൻ കെട്ടിടം നേരത്തെ മുൻസിഫ്‌ കോടതിയായി പ്രവർത്തിച്ചിരുന്നു. കാലപ്പഴക്കത്താൽ കെട്ടിടം ജീർണാവസ്ഥയിലാണ്‌.   നിർമിക്കാൻ പോകുന്ന കെട്ടിടം മൂന്ന്‌ നിലകളിലുള്ളതാണ്‌. കുടുംബ കോടതിക്ക്‌ പുറമെ അഭിഭാഷകർക്കും ക്ലാർക്കുമാർക്കും പുതിയ കെട്ടിടത്തിൽ ഹാൾ അനുവദിച്ചിട്ടുണ്ട്‌. കുടുംബ കോടതിക്ക്‌ സ്വന്തം കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട്‌ ബാർ അസോസിയേഷൻ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു.
 
പ്രധാന വാർത്തകൾ
 Top