24 October Thursday

സിന്ധുവിന്‌ പുതിയ വീട്ടിൽ പൊന്നോണം

സ്വന്തം ലേഖികUpdated: Monday Sep 9, 2019

 

 
നെല്ലിക്കോട്‌
കോരിച്ചൊരിയുന്ന മഴ കാണുമ്പോൾ  നെല്ലിക്കോട്‌ താഴത്തെ അയ്യപ്പം കണ്ടി മീത്തൽ  സിന്ധുവിന്റെ നെഞ്ചിൽ തീയാളും. പിഞ്ചുകുഞ്ഞുങ്ങളായ അഞ്ജലിനെയും നവമികയെയും  ചേർത്ത്‌ പിടിച്ച്‌  വീടിന്റെ മൂലയിൽ ഒതുങ്ങും. മനസു നിറയെ ഭീതിയായിരുന്നു. വർഷങ്ങൾക്കിപ്പുറം  ഈ മഴക്കാലത്ത്‌ സിന്ധുവിന്റെയും മക്കളുടെയും മനസിൽ പേടിയില്ല.  നാട്ടുകാർ നൽകിയ  കെട്ടുറപ്പും സൗകര്യവുമുള്ള ഒരു വീടുണ്ടവർക്കിപ്പോൾ. ഈ സ്‌നേഹകരുതലിൽ  തിരുവോണദിനത്തിൽ പാലുകാച്ചി  താമസമാരംഭിയ്ക്കും. 
സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഒരു ലോക്കലിൽ ഒരു വീട്‌ പദ്ധതിയനുസരിച്ച്‌ നെല്ലിക്കോട്‌ ലോക്കൽ കമ്മിറ്റിയാണ്‌   മൂന്ന്‌ സെന്റ്‌ സ്ഥലത്ത്‌ വീടൊരുക്കിയത്‌. സുമനസ്സുകളുടെ സഹകരണത്തിൽ 9.3 ലക്ഷം രൂപ ചെലവിട്ടാണ്‌ രണ്ട്‌ കിടപ്പ്‌മുറിയുള്ള വീട്‌ നിർമിച്ചത്‌.വീട്ടുമുറ്റത്ത് നടന്ന  ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്‌ണൻ   വീടിന്റെ താക്കോൽ സിന്ധുവിനും കുട്ടികൾക്കും  കൈമാറി.  
ഒന്നാം ക്ലാസിലും എൽകെജിയിലും പഠിക്കുന്ന കുഞ്ഞുങ്ങളുമായി, ഷീറ്റിട്ട്‌ മറച്ച വീട്ടിലായിരുന്നു  ഇവരുടെ താമസം. രണ്ട്‌ വർഷം മുമ്പാണ്‌ സിന്ധുവിന്റെ ഭർത്താവ്‌ ഗിരീഷ്‌  മരിച്ചത്‌. സഹോദരിയുടെ വീട്ടിലായിരുന്നു  ഇവർ താമസം.  സ്വകാര്യ സ്ഥാപനത്തിൽ  ശുചീകരണ ജോലിയിൽ നിന്നുള്ള തുക മാത്രമായിരുന്നു ആശ്രയം. 
 ‘‘തനിക്കും കുട്ടികൾക്കും ഒരു വീട്‌ ഒരുക്കിത്തന്ന സിപിഐ എമ്മിനോടും നാട്ടുകാരോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്‌.  സഹോദരങ്ങളെപ്പോലെയാണ്‌ അവരെല്ലാം പ്രവർത്തിച്ചത്‌. സന്തോഷമുള്ള ഒരു ഓണക്കാലമാണിത്‌’’ സിന്ധു പറഞ്ഞു. കൗൺസിലർ എം പി സുരേഷ് അധ്യക്ഷനായി.  എം അനിൽകുമാർ സ്വാഗതം പറഞ്ഞു. കൗൺസിലർ എം പി  രാധാകൃഷ്ണൻ,സുരേഷ്‌ കുമാർ, പി പീതാംബരൻ,  ജയരാജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top