27 September Sunday

മഴ കനത്തു; വെള്ളത്തിൽ മുങ്ങി നാട്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 വടകര

കാലവർഷം കനത്തതോടെ വടകരയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്‌ന്ന സ്ഥലങ്ങളിൽ വെള്ളം കയറി. വടകര നഗരസഭ, മണിയൂർ, വില്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  
വടകര നഗരസഭയിലെ വാർഡ് 15 അരിക്കോത്ത് അക്ലോത്ത് നട- അരകുളങ്ങര റോഡ് പൂർണമായി വെള്ളത്തിനടിയിലായി. റോഡിനിരുവശത്തുമുള്ള  വീടുകളിൽ വെള്ളം കയറി. രണ്ടു കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി.  ഗതാഗതം പൂർണമായി നിലച്ചു. മഴ കുറഞ്ഞ സമയത്തും വെള്ളം കയറിക്കൊണ്ടേയിരിക്കുകയാണ്. കക്കയം ഡാം ഷട്ടർ തുറന്നതാണ് വെള്ളം കയറാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. സ്ഥലം സന്ദർശിക്കാൻ വില്ലേജ് അധികൃതർ വന്നെങ്കിലും  കുത്തൊഴുക്ക് കാരണം എത്താനായില്ല.      
 നടക്കുതാഴ കുറുമ്പയിൽ എട്ടു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ചാത്തോത്ത് താഴകുനി സാഹിറ, കാഞ്ഞിരാട്ട് താഴകുനി വിനോദൻ, കുനിയിൽ നിരേഷ്, ദിവാകരൻ, രാജൻ, ഹർഷം രവീന്ദ്രൻ, കുറുങ്ങോട്ട് ജാനകി, കുറുങ്ങോട്ട് താഴകുനി നാരായണി എന്നിവരുടെ കുടുംബങ്ങളാണ് ബന്ധുവീടുകളിലേക്ക് മാറിയത്. തിരുവള്ളൂർ പഞ്ചായത്തിൽ 33 കുടുംബങ്ങളെ വീടുകളിൽനിന്ന് മാറ്റി താമസിപ്പിച്ചു. തിരുവള്ളൂർ വില്ലേജിലെ 28 കുടുംബങ്ങളെയും കോട്ടപ്പള്ളി വില്ലേജിൽനിന്ന് അഞ്ച്‌ കുടുംബങ്ങളെയുമാണ് മാറ്റിയത്. രണ്ട് കുടുംബങ്ങളെ തോടന്നൂർ എംഎൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും ബാക്കിയുള്ളവരെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. 
മഴ  ശക്തിപ്പെടുന്ന സാഹചര്യത്തിൽ സൗമ്യത മെമ്മോറിയൽ യുപി സ്കൂൾ, തോടന്നൂർ യുപി, വെള്ളൂക്കര ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറക്കും. ദുരിതാശ്വാസ പ്രവർത്തനത്തിനായി ജില്ലാ ഭരണവിഭാഗം തിരുവള്ളൂരിൽ ബോട്ട്‌ എത്തിച്ചിട്ടുണ്ട്. പഞ്ചായത്തിൽ പ്രത്യേക ഹെൽപ് ഡെസ്‌ക്ക്‌ ആരംഭിച്ചതായി പ്രസിഡന്റ്‌ എ മോഹനൻ പറഞ്ഞു. മണിയൂർ പഞ്ചായത്തിലെ എംഎച്ച്ഇഎസ് കോളേജിൽ  ക്യാമ്പ് ആരംഭിച്ചു. മങ്കരയിലെ വെള്ളപ്പൊക്ക ഭീഷണിയിലായ മൂന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.
ആയഞ്ചേരി പഞ്ചായത്തിന്റെ കിഴക്കേ അതിർത്തി പ്രദേശത്തെ തുരുത്തുകളായ ഇലതുരുത്തി, കോതുരുത്തി, അരതുരുത്തി, വാളാഞ്ഞി, തെക്കേത്തറമൽ, കോഴിച്ചാക്കുനി, കണ്ടോത്ത്, വിരമ്പിൽ ഭാഗങ്ങളിലെ നൂറോളം കുടുംബങ്ങൾ പ്രളയത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായി. മഴ തുടർന്നാൽ ഇവരെ മാറ്റി പാർപ്പിക്കാൻ പഞ്ചായത്ത്, റവന്യൂ അധികൃതർ ഒരുക്കങ്ങൾ തുടങ്ങി. തുരുത്തുകളിലേക്ക് തോണി ഏർപ്പാടാക്കി. 
നൂറുകണക്കിന് കുടുംബം വീടൊഴിഞ്ഞു
ഒഞ്ചിയം 
ശക്തമായ മഴയിൽ വെള്ളപ്പൊക്കത്താൽ  വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞു. ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര, കുന്നുമ്മക്കര, മങ്ങാട് താഴ, പയ്യത്തൂര്, ആദിയൂര്, ഓർക്കാട്ടേരി, എളങ്ങോളി, പുത്തലത്ത് താഴ, കണ്ടീക്കര, കാർത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ 150 കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു.
ചോറോട് പഞ്ചായത്തിലെ പഞ്ചായത്ത് സ്റ്റേഡിയം പരിസരം, ചേന്ദമംഗലം ഭാഗം, കുട്ടൂലി പാലം ഭാഗം, എംഎസ് യുപി സ്കൂൾ പരിസരം, തലോക്കൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിലെ നുറോളം കുടുംബം വീടൊഴിഞ്ഞതായി വില്ലേജ് അധികൃതർ അറിയിച്ചു. ഒഞ്ചിയം പഞ്ചായത്തിലെ മാവിലക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന്‌, ആലാങ്കണ്ടി മീത്തൽ അശോകൻ, മറിയം, ബാപ്പൂട്ടി എന്നിവരുടെ കുടുംബങ്ങളെ വില്ലേജ് അധികൃതരെത്തി ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
നാദാപുരം മേഖലയിലും കനത്ത നാശം
നാദാപുരം 
കനത്ത മഴയിൽ നാദാപുരം മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുഴകൾക്കും തോടുകൾക്കും സമീപമുള്ള  പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. 
വിഷ്ണുമംഗലം, ചെറുമോത്ത്, ഇയ്യങ്കോട്, കാക്കാറ്റിൽ, കക്കംവെള്ളി, കായപ്പനിച്ചി, തുരുത്തി, വെള്ളൂർ, അരൂർ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പല വീടുകളിലും ഒന്നാം നില വരെ  മുങ്ങി. വിഷ്ണുമംഗലം പുഴ നിറഞ്ഞു കവിഞ്ഞ് വെള്ളം കയറിയ കാക്കാറ്റിൽ വയലിൽ ഗർഭിണിയടക്കമുള്ളവരെ ബോട്ടിലാണ് രക്ഷപ്പെടുത്തിയത്.  ഇരിങ്ങണ്ണൂരിൽ സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു. മരക്കുളത്തിൽ ക്ഷേത്രത്തിൽ  വെള്ളം കയറി. തൂണേരി കരുവന്റ കിഴക്കയിൽ ഷാജിയുടെയും  നരിക്കാട്ടേരി നായരുകണ്ടി ബാലകൃഷ്ണന്റെയും കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്തെ കോമത്തുകുനിയിൽ മാതുവിന്റെയും വീട്ടിലെ കിണർ താഴ്‌ന്നു. 
നിടുംപറമ്പിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് തട്ടന്റവിട കുമാരന്റെ വീടിന്‌ നാശം. എടച്ചേരി വേങ്ങോളിയിലെ കൂടത്താംകണ്ടി താഴം, നാദാപുരം അരയാക്കൂൽ  താഴെ,  മുത്താറികുനി എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റി. കല്ലുംപുറത്ത്‌  റോഡ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റിലും മഴയിലും വള്ള്യാട്ട് സി കേളപ്പന്റെ വീടിനു മുകളിൽ മരം വീണ്‌ മേൽക്കൂര തകർന്നു. ഇരിങ്ങണ്ണൂരിൽ  പുളിയന്റെവിട വിനോദന്റെ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top