24 September Thursday

ബാല്യം മുതൽ യാതനകൾ; വീണുടഞ്ഞു ജീവിതസ്വപ്‌ന‌ം

ഗിരീഷ്‌ വാകയാട്‌Updated: Sunday Aug 9, 2020
ബാലുശേരി 
ബാല്യം മുതൽ യാതനകളും കഷ്ടതയും കൂട്ടുള്ള ജാനകിയേടത്തി അക്കരെ പോയത് നിറമാർന്ന ജീവിതം സ്വപ്നം കണ്ടാണ്. ആ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് കരിപ്പൂർ എയർപ്പോർട്ട് റൺവേയിൽ വീണുടഞ്ഞത്. നരയംകുളം തണ്ടപ്പുറത്തുമ്മൽ ജാനകി (55) രണ്ട് വർഷം മുമ്പാണ് ദുബായിൽ വീട്ടുജോലിക്ക്‌ പോയത്. കൊയിലാണ്ടി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ നോക്കാനായിരുന്നു യാത്ര. പത്തുമാസം മുമ്പാണ്‌‌ നാട്ടിൽ വന്ന് പോയത്‌. 
കോവിഡ് പ്രതിസന്ധിയും ജോലി ഇല്ലാത്തതുകൊണ്ടുമാണ്‌ തിരിച്ചുപോന്നത്‌. ബാല്യം മുതൽ കഷ്ടതകളനുഭവിച്ചായിരുന്നു വളർന്നത്. ചെറുപ്രായത്തിൽ റോഡ് പണിക്കുപോയും ചുമടെടുത്തും കുടുംബം പോറ്റി.  സമ്പാദ്യമെല്ലാം സ്വരുക്കൂട്ടി നാല് സെന്റ്‌‌ ഭൂമിവാങ്ങി വീടുവച്ചു. മക്കളെ വിവാഹം കഴിപ്പിച്ചു. ചുമടെടുക്കാൻ വയ്യാതായതോടെയാണ് തുച്ഛമായ ശമ്പളമാണെങ്കിലും ദുബായിലേക്ക് വിമാനം കയറിയത്. വയ്യെങ്കിലും നാട്ടിലെത്തിയാൽ കൂലിപ്പണിയെങ്കിലും ഉണ്ടാകുമല്ലോ എന്ന് ജാനകി ബന്ധുക്കളോട് പറയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം അയൽവാസിയുടെ പറമ്പിൽ സംസ്കരിച്ചു. മക്കൾ: ജിനീഷ്, ജിനിഷ. മരുമക്കൾ: പ്രഭീഷ് (അടിവാരം), ജോത്സ്ന. സഹോദരങ്ങൾ: ബാലൻ, മല്ലിക, സൗമിനി.
അന്ത്യവിശ്രമത്തിനിടം നൽകിയത് അയൽവാസി
 ബാലുശേരി
വിമാന അപകടത്തിൽ മരിച്ച നരയംകുളം തണ്ടപ്പുറത്തുമ്മൽ ജാനകിക്ക്‌ അന്ത്യവിശ്രമത്തിന് ചിതയൊരുക്കാൻ ഇടം നൽകിയത് അയൽവാസി. ആകെയുള്ള നാല് സെന്റ്‌ ഭൂമിയിൽ വീടും കഴിഞ്ഞ് സംസ്കരിക്കാൻ സ്ഥലമില്ല. 
പഞ്ചായത്തംഗം മേപ്പാടി ശ്രീനിവാസനും ബന്ധുക്കളും സംസ്കാരത്തെക്കുറിച്ചാലോചിക്കുമ്പോഴേക്കും ‘എന്റെ ഭൂമിയിൽ ജാനകിക്ക്‌ ചിതയൊരുക്കിക്കോളൂ’  അയൽവാസിയായ തണ്ടപ്പുറത്തുമ്മൽ ശോഭന പൂർണസമ്മതത്തോടെ പറഞ്ഞു.  കർഷകകുടുംബമായ ശോഭന മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയാണ് തീർത്തത്. കോവിഡ് ചട്ടം പാലിച്ച് മകൻ ജിനീഷ് അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top