16 September Monday

വടകര താലൂക്കിൽ 80ലേറെ വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
വടകര
ശക്തമായ കാറ്റിലും മഴയിലും വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശം. 80ലേറെ വീടുകൾ തകർന്നു. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തിരമാലകൾ ഉയരുന്നത് ജനങ്ങളെ ആശങ്കയിലാക്കി. 
വലിയവളപ്പ്, പുറങ്കര താഴെപ്പള്ളി ഭാഗം, കുരിയാടി മുകച്ചേരിഭാഗം, അഴിയൂർ, ചോമ്പാല തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. കോട്ടപ്പള്ളി, മേമുണ്ട, പുതുപ്പണം, വടകര നാരായണ നഗരം, മേപ്പയിൽ, പാലയാട്നട, മാങ്ങിൽ കൈ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലയോര മേഖലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 14 കുടുംബങ്ങളിലെ 52 പേരെ കാവിലുംപാറ ഹൈസ്കൂളിലെ ക്യാമ്പിലേക്കും മൂന്ന് കുടുംബങ്ങളിലെ 14 പേരെ കാരിമുണ്ട അങ്കണവാടിയിലേക്കും മരുതോങ്കര പീടിക പാറ എസ്‌സി കോളനിയിലെ എട്ടു കുടുംബങ്ങളെ നെല്ലിക്കുന്ന് ഷെൽട്ടറിലേക്കും മാറ്റി. 
കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളിലെയും കൈവഴികളിലെ തീരങ്ങളിലെയും താമസക്കാർ ആശങ്കയിലാണ്. പുതുപ്പണം കുനിയിൽ ദേവകിയുടെ വീട്‌ മരം വീണ്‌ തകർന്നു. പാലയാട് വലിയവളപ്പിൽ രാധയുടെ വീട്‌ തെങ്ങുവീണ് തകർന്നു. വടകര വളപ്പിൽ പുതിയപുരയിൽ ഉസ്മാൻ, പോക്കർ ഹാജി, വൈക്കിലശ്ശേരി വളപ്പിൽ ബീവി, സാബിറ, മഠത്തിൽ അബ്ദുള്ള, പുതുപ്പണം മുരിച്ചാണ്ടിയിൽ നാരായണി എന്നിവരുടെ വീടുകൾ മരംവീണ് തകർന്നു. 
പുറമേരിയിൽ പുത്തൻപുരയിൽ ജാനു, മനോജൻ, പനയുള്ള താഴ കുനിയിൽ രാജീവൻ എന്നിവരുടെ വീടുകളിൽ വെള്ളംകയറി. കുടുംബങ്ങളോട് ബന്ധുവീടിലേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചു. പുറമേരി കൂവേരിതാഴ സൈനബ, പുന്നകണ്ടി അസീസ്, കായക്കൊടി ഓത്തിയോട്ട് കുനി അമ്മത്, ബാബുരാജ്, ഫാസിൽ, ഷബീബ, കിഴക്കിനിടത്തിൽ അബ്ദുൾഹമീദ്, കരിയാട് അബ്ദുൾ ഹാരിസ്, നാവോടു കുന്നുമ്മൽ പ്രദീഷ്, ഏറാമലനാപ്പള്ളി ഹാജറ, ജാഫർ, ആയഞ്ചേരി ഒതയോത്ത് അമ്മത്, താഴെ വരയാലിൽ മാത, പിലാവുള്ളതിൽ ചാത്തു, കടമേരി വേളത്ത് ബാലൻ, പൊന്മേരിപറമ്പ് കൂളിപൊയ്യൽ നാരായണൻ എന്നിവരുടെ വീടുകൾക്കും മരം വീണ് കേടുപാട് പറ്റി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top