06 December Sunday

സ്വർണക്കടത്ത്‌ കോഴിക്കോടൻ കണ്ണിയെ തേടി രഹസ്യാന്വേഷണം

സ്വന്തം ലേഖകൻUpdated: Thursday Jul 9, 2020

കോഴിക്കോട്‌ > സ്വർണക്കടത്തുകേസിലെ കോഴിക്കോട്‌ ബന്ധം സ്‌പെഷ്യൽ ബ്രാഞ്ച്‌ തിരയുന്നു. കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കൊടുവള്ളി സ്വദേശിയെക്കുറിച്ച്‌ കസ്‌റ്റംസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കോഴിക്കോട്ടുള്ളവരുടെ പങ്ക്‌ അന്വേഷിക്കാൻ വടകര റൂറൽ പൊലീസ്‌ മേധാവി രഹസ്യാന്വേഷണ വിഭാഗത്തിന്‌ നിർദേശം നൽകിയത്‌.

യുഎഇയിൽനിന്ന്‌ സ്വർണം കടത്താൻ പണംമുടക്കിയവരിൽ പ്രധാനി കോഴിക്കോട്ടുകാരനാണെന്നാണ്‌ കസ്‌റ്റംസിന്‌ ലഭിച്ച വിവരം‌. കൊടുവള്ളി, താമരശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച്‌ സ്വർണ ഇടപാടുകൾ നടക്കാറുണ്ടെങ്കിലും ഇത്രവലിയ ‘ഓപ്പറേഷൻ’ നടത്താൻ ശേഷിയുള്ള കച്ചവടക്കാർ കൊടുവള്ളിയിലില്ലെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. അതേസമയം, പ്രമുഖ സ്വർണ വ്യാപാരിക്ക്‌ ഇടപാടിൽ പങ്കുണ്ടോയെന്ന സംശയമുണ്ട്‌. സ്വർണ വ്യാപാരികൾക്കിടയിലും ഈ ചർച്ച സജീവമാണ്‌. മറ്റൊരു സ്വർണ വ്യാപാരിക്കൊപ്പം കേസിലെ വിവാദ വനിത നിൽക്കുന്ന ചിത്രവും  പ്രചരിക്കുന്നുണ്ട്‌. ഇക്കാര്യങ്ങളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു‌.

കൊടുവള്ളി സ്വദേശി കേസിൽ പ്രധാന കണ്ണിയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്‌ നിർദേശിച്ചതായി റൂറൽ പൊലീസ്‌ മേധാവി ഡോ. എ ശ്രീനിവാസ്‌ പറഞ്ഞു. 

ജില്ല കേന്ദ്രീകരിച്ച്‌ സ്വർണ ഇടപാട്‌ നടത്തുന്നവരെക്കുറിച്ചും മുൻകാല ഇടപാടുകളെക്കുറിച്ചും വിശദമായ പരിശോധന നടക്കും. സ്വർണക്കടത്തിലെ കണ്ണികളെ ഇതുവഴി കണ്ടെത്താമെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top