18 June Friday

ദേശീയ അംഗീകാരം നേടി സാമൂഹിക അടുക്കള

സ്വന്തം ലേഖകന്‍Updated: Sunday May 9, 2021
കോഴിക്കോട്‌
 രാജ്യത്തിന്‌ മാതൃകയായ ലോക്ക് ഡൗൺ സമയത്തെ സാമൂഹിക അടുക്കളക്ക് ദേശീയ അംഗീകാരം.   പൊതുജന പങ്കാളിത്തത്തോടെയാണ് കോഴിക്കോട്ട്‌ പദ്ധതി നടപ്പാക്കിയത്. 
  ലോക്ക് ഡൗൺ നിത്യവരുമാനക്കാരായ ഒരു വിഭാഗത്തിന്റെ ഉപജീവനമാർഗം തടഞ്ഞ് പട്ടിണിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോൾ  സംസ്ഥാന സർക്കാർ അംഗീകരിച്ച പദ്ധതിയാണ് സാമൂഹിക അടുക്കള.  കോർപറേഷൻ പരിധിയിൽ 12 അടുക്കളകളിലൂടെ 45 ദിവസം 5.5 ലക്ഷം പേർക്കാണ് രണ്ടു നേരത്തെ ഭക്ഷണം പാചകം ചെയ്ത് എത്തിച്ചത്.  ഇതിനാവശ്യമായ മുഴുവൻ തുകയും പൊതുജനങ്ങളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്പോൺസർ ചെയ്യുകയായിരുന്നു.
  സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ കോടികൾ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.  രാജ്യത്തെ 1000 സ്ഥാപനങ്ങളിൽ നിന്നുള്ള നോമിനേഷനുകളിൽ നിന്നാണ് കോഴിക്കോട് നഗരസഭയെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.  അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ സ്‌കോച്ച് ഇന്റർനാഷണൽ എന്ന എൻജിഒ നൽകുന്ന അവാർഡാണിത്.  സിൽവർ അവാർഡാണ്  കോഴിക്കോട് നഗരസഭക്ക് ലഭിച്ചത്.  
   നഗരസഭക്ക് തനത് ഫണ്ടിൽ നിന്ന്‌ ഈയിനത്തിൽ ഒരു തുകയും ചെലവഴിക്കേണ്ടി വന്നിട്ടില്ല.  മാത്രമല്ല, സാധനങ്ങളായും നേരിട്ട് തുകയായും കിച്ചണിന്റെ  ആവശ്യത്തിലേക്ക് തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് പൊതുജനം പണം നൽകി.  ഈയൊരു കോഴിക്കോടൻ മാതൃകയ്ക്കാണ് അവാർഡ് ലഭിച്ചത്.  ഈ അവാർഡ് പൊതുജനങ്ങൾക്കായി സമർപ്പിക്കുകയാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top