24 January Friday
നഗരത്തിൽ വീണ്ടും ലഹരി വേട്ട

2800ഓളം ലഹരിഗുളികകളുമായി യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

പിടികൂടിയ ലഹരിഗുളികകൾ പൊലീസ്‌ പരിശോധിക്കുന്നു

കോഴിക്കോട് 
നഗരത്തിൽ വീണ്ടും പൊലീസിന്റെ ലഹരിവേട്ട. 2800–-ഓളം ലഹരിഗുളികകളുമായി കല്ലായി വലിയപറമ്പിൽ സഹ്‌റത്താണ്‌ (43) പിടിയിലായത്‌. എസ്‌ഐ സുഭാഷ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും നർക്കോട്ടിക്‌ സെൽ അസി. കമീഷണർ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർക്കോട്ടിക്‌ സ്പെഷൽ ആക്‌ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് കല്ലായ് റെയിൽവേ ഗുഡ്സ് യാർഡിന്‌ സമീപത്തുനിന്നാണ്‌ ഇയാളെ പിടികൂടിയത്‌.
പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചത്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന്‌ കിട്ടില്ല. ഹൈദരാബാദിലെ ഷോപ്പുകളിൽനിന്ന്‌ സ്ട്രിപ്പിന് 1300 രൂപക്ക്‌ വാങ്ങിയ ഗുളികകൾ 1800 മുതൽ -2000 രൂപ വരെ വാങ്ങിയാണ്‌ മറിച്ച്‌ വിൽക്കുന്നത്‌. ലഹരിക്ക് അടിമയായ സഹ്‌റത്ത്‌ പണം കണ്ടെത്താനായാണ്‌ ഈ കച്ചവടത്തിലേക്ക് കടന്നത്.  ആന്ധ്രയിൽനിന്ന്‌  ട്രെയിൻമാർഗമാണ് ഗുളികകൾ ജില്ലയിലെത്തിച്ചത്‌. പൊലീസിനെയും എക്സൈസിനെയും കബളിപ്പിക്കുന്നതിനായി ഗുളികകൾ സ്ട്രിപ്പിൽനിന്ന്‌ പുറത്തെടുത്ത് കവറിലാക്കിയാണ്  കൊണ്ടുനടക്കാറുള്ളത്. 
വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളികകളാണ്‌ പിടികൂടിയത്‌. ഇവ ഉപയോഗിക്കുമ്പോൾ ഗന്ധമോ മറ്റു ലക്ഷണങ്ങളോ ഉണ്ടാവില്ല. അതിനാൽ ഇവ ഉപയോഗിക്കുന്നവരെ തിരിച്ചറിയുക പ്രയാസമാണ്. ചെറിയ അളവിൽ ഉപയോഗിച്ച് തുടങ്ങുന്നവർ കുറഞ്ഞ കാലയളവിൽത്തന്നെ അടിമപ്പെടും. ഉപയോഗിക്കാതിരുന്നാൽ ശക്തമായ ശരീരവേദനയും വിഷാദവും അനുഭവപ്പെടും. എഎസ്ഐ ദിലീപ്, സീനിയർ സിപിഒ വിനീഷ്, സിപിഒ രമേഷ്, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ കെ എ ജോമോൻ, എൻ നവീൻ, പി സോജി, രജിത്ത് ചന്ദ്രൻ, എം കെ രതീഷ്, എം ജിനേഷ്, എ വി സുമേഷ്  എന്നിവരും പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു. 
പ്രധാന വാർത്തകൾ
 Top