24 October Thursday
മേപ്പാടി മാനസികാഘാതമുക്ത പഞ്ചായത്ത്‌

‘ഹൃദയഹസ്‌തം’ കൈത്താങ്ങായി; മനക്കരുത്ത് നേടി മേപ്പാടി

സ്വന്തം ലേഖകൻUpdated: Sunday Sep 8, 2019

 

 
 
 
കൽപ്പറ്റ
ഉറ്റവരെയും, ഒരായുസ്സ് കൊണ്ട് ഉണ്ടാക്കിയതും ഒലിച്ചുപോയതിന്റെ അണയാത്ത വേദനകളിൽനിന്ന് ‘ഹൃദയഹസ്തം’ കൈത്താങ്ങിൽ മേപ്പാടി  മനക്കരുത്ത് നേടുകയാണ്. പതിമൂന്ന് വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ വെള്ളക്കുതിപ്പിൽ കൈവിട്ടു പോയതിന്റെ തീവ്രവേദന മറികടന്ന് ജീവിതം തിരിച്ചുപിടിക്കാൻ കരുത്തു നേടിയ ദമ്പതികളും  മണ്ണിനടിയിൽ എവിടെയോ ഉറങ്ങുന്ന പിതാവിനെ കിട്ടാത്തതിന്റെ വേദനയെ മറികടന്ന മകനും, കാറിനൊപ്പം വെള്ളപ്പാച്ചിലിൽ മറഞ്ഞുപോയ ആളുടെ ഉറ്റവരും കൗൺസലിങ്ങിന്റെയും സൈക്കോ തെറാപ്പിയുടെയും കൈത്താങ്ങിൽ പറയുന്നത് ഒന്ന് മാത്രം ഞങ്ങൾ അതിജീവിക്കും. 
കണ്ണൂരിൽനിന്നെത്തിയ കൗൺസലിങ്‌ സംഘത്തിനാണ്‌  ദുരിതബാധിതരുടെ ഉറപ്പ്‌. ആരോഗ്യ വകുപ്പ് മന്ത്രി  കെ കെ ശൈലജയുടെ  പ്രത്യേക നിർദേശപ്രകാരമാണ് കണ്ണൂർ, വയനാട് നാഷണൽ ഹെൽത്ത് മിഷനുകളുടെയും കണ്ണൂർ ഹൃദയാരാം കമ്മ്യൂണിറ്റി  കോളേജ് ഓഫ് കൗൺസലിങ്ങിന്റെയും നേതൃത്വത്തിൽ  സംഘം മേപ്പാടിയിലെത്തിയത്‌. 
ആഗസ്ത് 19 മുതൽ 21 വരെയും,  3 മുതൽ 7 വരെയുമാണ്‌  ഹൃദയഹസ്തം പരിപാടി നടത്തിയത്‌. മേപ്പാടി പഞ്ചായത്തിനെ സംഘം  ദുരന്താനന്തര മാനസികാഘാതമുക്ത പഞ്ചായത്തായി മാറ്റി.  
22 വാർഡുകളിലും കൗൺസലിങ്ങും സൈക്കോ തെറാപ്പിയും നൽകി. രണ്ടാഘട്ടം അവസാനിക്കുമ്പോൾ 2797വ്യക്തികളെയാണ് ഹൃദയഹസ്തം ടീം നേരിട്ടു കണ്ട്‌ കൗൺസലിങ്‌ നൽകിയത്‌. എൻഎച്ച്‌എം കണ്ണൂർ പ്രോഗ്രാം മാനേജർ ഡോ. കെ വി ലതീഷ് , വയനാട് ഡിപിഎം ഡോ. ബി അഭിലാഷ്,  ഡോ. സിസ്റ്റർ  ട്രീസ പാലക്കൽ,  ഡോ. സിസ്റ്റർ ജ്യോതിസ് പാലക്കൽ , പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ് തുടങ്ങിയവർ നേതൃത്വം നൽകി. മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽഅതിജീവന സ്നേഹസംഗമം നടത്തി.  പ്രോഗ്രാം കോർഡിനേറ്റർ വി വി റിനേഷ്, ടീം ലീഡർ സി എ  അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top