20 November Wednesday
ഹാരിസൺ മലയാളം ഭൂപ്രശ്‌നം

കാലതാമസം ഒഴിവാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
കൽപ്പറ്റ
ഹാരിസൺസ് മലയാളം ലിമിറ്റഡ് കൈവശം വയ്ക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്ക്‌ വേഗം കൂട്ടുമെന്ന്‌ ജില്ലാ കലക്ടർ.  ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തർക്കങ്ങളുണ്ടെങ്കിൽ സർക്കാരിനു സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു ഉടമസ്ഥാവകാശം നിർണയിക്കാമെന്ന് 2018 ഏപ്രിൽ 11ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. നിലവിലെ അധികാരങ്ങൾ ഉപയോഗിച്ച്  സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള നിർദേശമാണ് മുന്നോട്ടു വയ്ക്കുന്നത്. ഈ തീരുമാനം ഒമ്പതിന്‌ നടക്കുന്ന മന്ത്രിതല യോഗത്തിൽ അവതരിപ്പിക്കും. 
തർക്കഭൂമിയിൽ പ്ലാന്റേഷൻ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം അനുവദിച്ചിട്ടുള്ള 15 ഏക്കറിൽ കൂടുതൽ ഭൂമി സ്വകാര്യവ്യക്തി കൈവശം വയ്ക്കുന്നതായി കണ്ടെത്തിയാൽ  മിച്ചഭൂമിയായി സർക്കാരിനു ഏറ്റെടുക്കാൻ കഴിയും. സിവിൽ കേസ് ഫയൽ ചെയ്യാത്ത സാഹചര്യത്തിൽ തുടർ നടപടികളുടെ ഭാഗമായി ഈ സാധ്യതകളും പരിശോധിക്കും. ജില്ലയിൽ ഒരിടത്തും പട്ടയമില്ലാത്ത എച്ച്എംഎൽ ഭൂമിയുടെ ഉടമസ്ഥാവകാശം 1970 ജനവരി 1 നു ശേഷം സർക്കാർ ഏറ്റെടുത്തിരുന്നു. ഭൂമി ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് ഹാരിസൺ പ്ലാന്റേഷനുകൾക്ക് നൽകിയിരിക്കുന്നത്. കൈവശം വയ്ക്കുന്നയാൾക്കു പ്ലാന്റേഷൻ ഭൂമിയുടെ സ്വഭാവം മാറ്റാനുള്ള അധികാരമില്ല. കോടതി വിധിയെ തുടർന്ന് നിർത്തിവച്ച വൈത്തിരി താലൂക്കിലെ ലാൻഡ് ട്രൈബുണൽ കേസുകളുടെ വിശദാംശങ്ങളും മന്ത്രിതല യോഗത്തെ അറിയിക്കും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉടമസ്ഥാവകാശ തർക്കം നിലനിറുത്തി കൊണ്ട് തന്നെ പ്ലാന്റേഷനുകളിൽ നിന്നും സർക്കാരിനു കിട്ടേണ്ട ഭൂനികുതിയും പലിശയും ഈടാക്കാൻ ജൂണിൽ സർക്കാർ ഉത്തരവിട്ടിരുന്നു. വില്ലേജ് ഓഫീസർമാരോട് നോട്ടീസ് നൽകി നികുതി പിരിവ് കാര്യക്ഷമമാക്കാനും  നിർദേശിച്ചിട്ടുണ്ട്. 
 
ഭൂമി കൈവശം വയ്ക്കുന്നവർ 2945
കൽപ്പറ്റ
വൈത്തിരി, ബത്തേരി താലൂക്കുകളിലായി  2945 പേർ ഹാരിസൺസ് മലയാളം ലിമിറ്റഡ് കൈമാറിയ ഭൂമി കൈവശം വയ്‌ക്കുന്നുണ്ട്‌. ഹാരിസൺസ് മലയാളം ലിമിറ്റഡിൽനിന്നും 1970നു മുൻപ് ഭൂമി വാങ്ങി കൈവശം വയ്ക്കുകയും  പട്ടയം ലഭിക്കുകയും ചെയ്തവരുടെയും അവരുടെ പിൻതുടർച്ചാവകാശികളുടെയും നാല് ഏക്കർ വരെയുള്ള ഭൂമിയുടെ പോക്കുവരവ് ചെയ്യുന്നതിനും കരം സ്വീകരിക്കുന്നതിനും 2018 മേയ് 24ന് സർക്കാർ നിർദേശം നൽകിയിരുന്നു.  
 
പ്രധാന വാർത്തകൾ
 Top