18 October Friday

താമരശേരിയിലും മുക്കത്തും ചുഴലിക്കാറ്റ്‌; പൂതംപാറയിൽ ഉരുൾപൊട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
കുറ്റ്യാടി 
കനത്ത മഴയിലും  കാറ്റിലും കാവിലുംപാറ പഞ്ചായത്തിലെ മേലെ പൂതംപാറ മലയിലെ വനത്തിൽ ഉരുൾപൊട്ടി.  തുടർന്ന്‌ തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞൊഴുകി. ഇതിനടുത്ത്‌ താമസിക്കുന്ന മൂന്നു കുടുംബങ്ങളെ  മാറ്റിപ്പാർപ്പിച്ചു. സജീവൻ മണാട്ടിൽ, ബാബു ചൂഴികവള്ളി, പുഴക്കൽ ജോൺസൺ എന്നിവരുടെ കുടുംബങ്ങളെയാണ്‌ കാവിലുംപാറ സാംസ്‌കാരിക നിലയത്തിലേക്ക്‌  മാറ്റിയത്‌. 
ബുധനാഴ്‌ച രാത്രി ഒമ്പതോടെയാണ്‌ വയനാടൻ അതിർത്തിയായ മലയിലെ കാട്ടിൽ ഉരുൾപൊട്ടലുണ്ടായത്‌. നാട്ടുകാരാണ്‌ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‌ നേതൃത്വം നൽകിയത്‌. 
ചുഴലിക്കാറ്റാണ്‌  താമരശേരി താലൂക്കിൽ വ്യാപക നാശം വിതച്ചത്‌. എളയിടത്തുകണ്ടി   എകെജി കോളനിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  വെയ്‌പ്പൂർ എഎൽപി സ്‌കൂളിലേക്കാണ്‌ ഇവരെ മാറ്റിയത്‌. കാറ്റിൽ മരം കടപുഴകി കോളനിയിലെ നിരവധി വീടുകൾ തകർന്നതായി തഹസിൽ ദാർ സി മുഹമ്മദ്‌ റഫീക്‌ പറഞ്ഞു. ഇതിന്റെ കണക്കുകൾ ശേഖരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.  മുക്കത്തും  ചുഴലിക്കാറ്റ്‌ വീശി. ഇരുവഴിഞ്ഞിയും ചാലിയാറും  ചെറുപുഴയും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുക്കം പുൽപ്പറമ്പ് അങ്ങാടിയിൽ വെള്ളം കയറി. നിരവധിപേരുടെ കൃഷിയും നശിച്ചു.
ചുങ്കം‐ഓമശേരി റോഡിൽ മരം കടപുഴകി വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. താമരശേരി ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിലും മരം  വീണു.   രാരോത്ത്‌ വില്ലേജ്‌ ഓഫീസർ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top