02 February Thursday
പിഎൻബി തട്ടിപ്പ്‌

റിജിൽ ഓഹരിയിലിട്ടത്‌ 10 കോടി രൂപ

സ്വന്തം ലേഖകൻUpdated: Wednesday Dec 7, 2022
കോഴിക്കോട്‌
പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ ലിങ്ക്‌ റോഡ്‌ ശാഖയിൽ നിന്നും കോടികൾ തിരിമറി നടത്തിയ സീനിയർ മാനേജർ എം പി റിജിൽ പണം ഉപയോഗിച്ചത്‌ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ. പത്തു കോടിയോളം രൂപയാണ്‌ ഓഹരി വിപണിയിൽ ഇദ്ദേഹം നിക്ഷേപിച്ചത്‌. ഇതിൽ ഭൂരിഭാഗവും നഷ്ടമായതായി ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ കണ്ടെത്തി. 
റിജിൽ ദീർഘകാലമായി ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നുണ്ട്‌. സ്വന്തം പണമുപയോഗിച്ചായിരുന്നു കളി. പിന്നീട്‌ ബാങ്കിലെ പണം തിരിമറി നടത്തി കളി തുടർന്നു. 2021 മാർച്ച്‌ മുതലാണ്‌ പ്രധാനമായും ഇടപാടുകൾ നടന്നത്‌. ഈ കാലയളവിലാണ്‌ ബാങ്കിലും തിരിമറി തുടങ്ങിയത്‌. ബംഗളുരു ആസ്ഥാനമായ ഓൺലൈൻ ഓഹരി വിപണന കമ്പനി വഴിയാണ്‌ ഇയാൾ പണം നിക്ഷേപിച്ചത്‌.  രേഖകൾ പരിശോധിച്ചതിൽ ഇതിൽ ലാഭം കിട്ടിയതായി കണ്ടെത്തിയിട്ടില്ല. കോടികൾ ഇതുവഴി നഷ്ടമായിരിക്കാമെന്നാണ്‌ അന്വേഷകസംഘം കരുതുന്നത്‌. പണം നഷ്ടമായതോടെ കൂടുതൽ തട്ടിപ്പുകളിലേക്ക്‌  തിരിയുകയായിരുന്നു.  മാനേജർമാർക്ക്‌ സ്വന്തം യൂസർ ഐഡി ഉപയോഗിച്ച്‌ മറ്റു ശാഖകളിൽ ഓൺലൈൻ ഇടപാടുകൾ നടത്താനാവും. ഈ സാധ്യതയാണ്‌ റിജിൽ ഉപയോഗപ്പെടുത്തിയതെന്ന്‌ ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ ടി എ ആന്റണി പറഞ്ഞു.  
റിജിലിന്റെ അക്കൗണ്ടുകളും ബാങ്ക്‌ രേഖകളും വീട്ടിൽനിന്നും കണ്ടെത്തിയ ഐ പാഡ്‌, പെൻ ഡ്രൈവ്‌ എന്നിവയും പരിശോധിച്ച്‌ സാമ്പത്തിക വിനിമയത്തിന്റെ കണക്കെടുക്കുകയാണ്‌ ക്രൈംബ്രാഞ്ച്‌ സംഘം. പിഎൻബിയിൽ അച്ഛന്റെ പേരിൽ ഇയാൾ തുടങ്ങിയ അക്കൗണ്ടിലേക്കാണ്‌ പണം വകമാറ്റിയത്‌. ഇത്‌ ആക്‌സിസ്‌ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക്‌ മാറ്റിയാണ്‌ ഓഹരിക്കച്ചവടം. ഇയാൾക്ക്‌ പിഎൻബിയിൽ മറ്റൊരു അക്കൗണ്ട്‌ ഉള്ളതായി കണ്ടെത്തി. എന്നാൽ, ഇതിൽ കാര്യമായ ഇടപാടുകൾ നടന്നിട്ടില്ല. എരഞ്ഞിപ്പാലം ശാഖയിൽ മാനേജരായിരിക്കെ ലിങ്ക്‌ റോഡ്‌ ശാഖയിൽ ഇടപാട്‌ നടത്തിയതിൽ മറ്റാർക്കും പങ്കില്ലെന്നാണ്‌ അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ. 
കോർപറേഷന്റെ അക്കൗണ്ടിൽനിന്ന്‌ 12.62 കോടി രൂപയാണ്‌ നഷ്ടമായത്‌. സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിൽനിന്നും എട്ട്‌ കോടി രൂപയും നഷ്ടമായി. റിജിൽ ജില്ലാ സെഷൻസ്‌ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ  കോടതി  വ്യാഴാഴ്‌ച വിധി പറയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top