11 December Wednesday
ലോക്കൽ സെക്രട്ടറിമാർ 10, ബ്രാഞ്ച്‌ സെക്രട്ടറിമാർ 396

നയിക്കാൻ സ്‌ത്രീശക്തി

സ്വന്തം ലേഖകൻUpdated: Thursday Nov 7, 2024
കോഴിക്കോട്‌
പുതിയകാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത്‌ വിമോചനത്തിന്റെ രക്തപതാകയേന്തി ജില്ലയിലെ തൊഴിലാളി വർഗപ്രസ്ഥാനത്തെ നയിക്കാൻ കൂടുതൽ വനിതകൾ. സിപിഐ എമ്മിന്റെ ബ്രാഞ്ച്‌–-ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ 10 ലോക്കൽ കമ്മിറ്റിക്കും 396 ബ്രാഞ്ചിനും വനിതാ നേതൃത്വമാണ്‌. കമ്യൂണിസ്റ്റ്‌ പാർടിയുടെ ആദ്യസെൽ രൂപീകൃതമായ ദേശത്ത്‌ സഹനശക്തിയും നിശ്ചയദാർഢ്യവും കൈമുതലാക്കി പാർടിയെ നയിച്ചവരുടെ പിൻഗാമികളായി കൂടുതൽ സ്‌ത്രീകൾ എത്തുമ്പോൾ പൊതുജനാധിപത്യ പ്രസ്ഥാനത്തിനും അഭിമാനിക്കാനേറെ. ഇത്രയേറെ വനിതകൾ രാഷ്‌ട്രീയപാർടിയുടെ പ്രധാനസ്ഥാനങ്ങളിലെത്തുന്നത്‌ ജില്ലയിൽ ആദ്യമാണ്‌. മറ്റൊരു കക്ഷിയ്‌ക്കും ഇത്രയേറെ സ്‌ത്രീ പ്രാതിനിധ്യം അവകാശപ്പെടാനാവില്ല.  
എലത്തൂർ, ഫാറൂഖ്‌ കോളേജ്, പയ്യാനക്കൽ, ആവള, കായണ്ണ, ശിവപുരം, കുണ്ടായിത്തോട്‌, ഈസ്റ്റ്‌ഹിൽ, കോഴിക്കോട്‌ ടൗൺ സിഎംസി, കരിക്കാംകുളം എന്നീ ലോക്കലുകളിലാണ്‌ വനിതാ സെക്രട്ടറിമാരുള്ളത്‌. 16 ഏരിയാ കമ്മിറ്റിക്ക്‌ കീഴിൽ 396 ബ്രാഞ്ചുകളെ നയിക്കുന്നതും സ്‌ത്രീകളാണ്‌. കൂടുതൽ ലോക്കൽ സെക്രട്ടറിമാർ കോഴിക്കോട്‌ നോർത്ത്‌ ഏരിയയിലും (3) ബ്രാഞ്ച്‌ സെക്രട്ടറിമാർ ഫറോക്കിലുമാണ്‌ (51). എലത്തൂർ ലോക്കലിനെ എം സത്യഭാമയും ഫാറൂഖ്‌ കോളേജിൽ എം ബീനപ്രഭയും പയ്യാനക്കലിൽ കെ നജ്‌മയും ആവളയിൽ നഫീസ കൊയിലോത്തും കായണ്ണയിൽ എ സി സതിയും ശിവപുരത്ത്‌ സി കെ ജിഷയും കുണ്ടായിത്തോട്‌ എം പി ഷഹർബാനുവും ഈസ്റ്റ്‌ഹില്ലിൽ പി പി ജിഷയും സിഎംസിയിൽ പി മൈമൂനയും കരിക്കാംകുളത്ത്‌ കെ ഭവാനിയും ചെങ്കൊടി പ്രസ്ഥാനത്തെ നയിക്കും.
വിവിധ ഏരിയകളിലെ ബ്രാഞ്ച്‌ സെക്രട്ടറിമാരുടെ എണ്ണം. കുന്നുമ്മൽ: 27, നാദാപുരം: 20, ഒഞ്ചിയം: 16, വടകര: 22, പയ്യോളി: 21, കൊയിലാണ്ടി: 32, പേരാമ്പ്ര: 31, ബാലുശേരി: 34, താമരശേരി: 14, തിരുവമ്പാടി: 20, കക്കോടി: 24, കുന്നമംഗലം: 13, കോഴിക്കോട്‌ നോർത്ത്‌: 30, ടൗൺ: 18, സൗത്ത്‌: 23, ഫറോക്ക്‌: 51. ജില്ലയിൽ 4345 ബ്രാഞ്ചും 269 ലോക്കൽ കമ്മിറ്റിയും 16 ഏരിയാ കമ്മിറ്റിയുമാണുള്ളത്‌. 14,873 സ്‌ത്രീകൾ പാർടി അംഗങ്ങളായുണ്ട്‌. ആകെ പാർടി അംഗങ്ങളുടെ 27.67 ശതമാനം വരുമിത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top