25 September Friday

മഴയും കാറ്റും; വൻ നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

 കുറ്റ്യാടി  

മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും മലയോര മേഖലയിൽ കനത്ത നാശനഷ്ടം.  വ്യാഴാഴ്ച പുലർച്ചെയുണ്ടായ  മഴയിലും കാറ്റിലും നരിപ്പറ്റ പഞ്ചായത്തിൽ സുഭിക്ഷ പദ്ധതിയുടെ ഭാഗമായുള്ള ഇടവിളകൃഷികൾ  നശിച്ചു. അറക്കലപൊയിലിൽ   കരനെൽ കൃഷി നശിച്ചു. വളൂക്ക് ഇന്ദിരാനഗറിൽ അക്കാട്ടുകുന്നേൽ രാജമ്മയുടെ വീട് പൂർണമായി തകർന്നു.  നരിപ്പറ്റ ആർഎൻഎം ഹയർ സെക്കൻഡറി സ്‌കൂൾ  കെട്ടിടത്തിനു മുകളിൽ മരം കടപുഴകി വീണു. നരിപ്പറ്റ ചമ്പിലോറേമ്മൽ ദിനേശന്റെ നിർമാണം പൂർത്തിയാകാത്ത വീട്‌ മരം വീണ് പൂർണമായി തകർന്നു. മരുതോങ്കര  വണ്ണാത്തിച്ചിറ കുഞ്ഞിപറമ്പത്ത് സജീഷ്‌, വേളം പള്ളിയത്ത് നെല്ലിയുള്ളപറമ്പിൽ കുഞ്ഞിരാമൻ എന്നിവരുടെ വീടുകളും മരം വീണ് തകർന്നു.  വൈദ്യുതി ലൈനുകളും തൂണുകളും നശിച്ചു.
 
നാദാപുരം 
മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വളയം  പഞ്ചായത്തിലെ ഏഴാം വാർഡിൽ വീടുകൾക്ക് നാശനഷ്ടം. നിരവുമ്മൽ  നെരോത്ത്‌ ബാലകൃഷ്ണന്റെ വീടിനു മുകളിൽ കവുങ്ങ് വീണ് മേൽക്കൂര തകർന്നു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഓലമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നതോടെ കുടുംബം ദുരിതത്തിലായി.  സമീപ പ്രദേശമായ മഞ്ചാന്തറ സി പി  മുക്കിലെ ചാത്തോത്ത് രാജുവിന്റെ  ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. വീട് അപകടാവസ്ഥയിലായതോടെ  കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റി. പുറമേരി പഞ്ചായത്ത്‌ പതിനേഴാം വാർഡിൽ  എടവലത്ത് മീത്തൽ നാരായണിയുടെ വീടിനു മുകളിൽ മരം വീണു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top