20 September Friday

വാഹനപരിശോധന കർശനമാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

സിഡബ്ല്യുആർഡിഎമ്മിൽ സംഘടിപ്പിച്ച റോഡ്സുരക്ഷ പരിശീലനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യു ന്നു

കുന്നമംഗലം
 ഈ മാസം 31 വരെ  വാഹനപരിശോധന നടത്തുമെന്നും  ശിക്ഷാനടപടികൾ കർശനമാക്കുമെന്നും  മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട്ട്‌ സിഡബ്ല്യുആർഡിഎമ്മിൽ റോഡ്സുരക്ഷയുമായി ബന്ധപ്പെട്ട് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
നിയമപാലകനായ  ഐഎഎസ് ഉദ്യോഗസ്ഥന്റെ  വീഴ്ചകൊണ്ടാണ് മാധ്യമ പ്രവർത്തകൻ അതിദാരുണമായി കൊല്ലപ്പെട്ടത്. അതിന് കർശന നടപടിയുണ്ടാകും. ആ  സംഭവം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാനുള്ള ഒരു   പ്രേരണ  ഉണ്ടാക്കിയിട്ടുണ്ട്. നിയമം പാലിക്കേണ്ട ബാധ്യത എനിക്കല്ല മറ്റുള്ളവർക്കാണ് എന്ന തെറ്റായ സാമൂഹിക ബോധമാണുള്ളത്‌.  ഈ പരിശീലനത്തിലൂടെ അതിനെ മറികടക്കാനാകണം.
നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ്‌ ആൻഡ്‌ റിസർച്ച് സെന്റർ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി എന്നിവ ചേർന്നാണ് കേരളത്തിലെ എൻജിനിയർമാർക്കായി പരിശീലനം സംഘടിപ്പിച്ചത്. കാരാട്ട് റസാഖ്‌ എംഎൽഎ അധ്യക്ഷനായി. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ വി ജോർജ്, നാറ്റ്‌പാക് ഡയറക്ടർ എസ് ഷഹീം, സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എ ബി അനിത, സീനിയർ സയന്റിസ്റ്റ് വി എസ് സഞ്ജയ്കുമാർ എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top