കോഴിക്കോട്
കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയൊ മറ്റു വിഷത്തിന്റെയോ സാന്നിധ്യമില്ലെന്ന കണ്ടെത്തൽ കേസിനെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷൻ. കേസിന്റെ അന്വേഷണ ഘട്ടത്തിൽ കോഴിക്കോട് റീജണൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ വ്യക്തതയ്‌ക്കുവേണ്ടിമാത്രമാണ് ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനക്കയച്ചത്.
സ്വത്ത് തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി ജോസഫ് ആറുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 14 വർഷത്തിനിടയിൽ ഒരു കുടുംബത്തിലെ ആറുപേരാണ് കൊല്ലപ്പെട്ടത്. കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം എം മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ, ഷാജു സ്‌കറിയയുടെ ഭാര്യ സിസിലി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതിൽ ജോളിയുടെ ഭർത്താവ് റോയി തോമസ് കൊല്ലപ്പെടുന്നത് 2011ലാണ്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ സയനൈഡ് ഉള്ളിൽ ചെന്നാണ് മരണമെന്ന് പറയുന്നുണ്ട്. ആന്തരികാവയവ പരിശോധനയിലും സയനൈഡ് കണ്ടെത്തി. 2016ൽ കൊല്ലപ്പെട്ട സിസിലിയുടെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിലും സയനൈഡ് കണ്ടെത്തി. മറ്റു നാലുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും സയനൈഡിന്റെയോ മറ്റ് വിഷത്തിന്റെയോ അംശം കണ്ടെത്താനായില്ല.
പത്തും പതിനഞ്ചും വർഷത്തിനുശേഷമാണ് മൃതദേഹങ്ങൾ പരിശോധിച്ചത്. റോയ് തോമസിന്റെ മൃതദേഹമേ പോസ്റ്റ്മോർട്ടം നടത്തിയിരുന്നുള്ളൂ. പക്ഷേ, എല്ലാവരുടെയും മരണത്തിന് സമാന സ്വഭാവമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.
നാലുപേരുടെയും മരണം സംബന്ധിച്ച് പഠിക്കാൻ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടും കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പൊന്നാമറ്റം വീട്ടിൽ ജോളി ഒളിപ്പിച്ച സയനൈഡ് കുപ്പി കണ്ടെത്തിയത് കേസിൽ നിർണായക തെളിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..