27 January Friday

തീച്ചൂളകളിൽ പിറന്നു സമരഗാഥകൾ

സി പ്രജോഷ്‌ കുമാർUpdated: Tuesday Dec 6, 2022
തൊഴിലാളികളുടെ വിയർപ്പിലാണ്‌ കോഴിക്കോട്‌ നഗരം വളർന്നത്‌. കോഴിക്കോടിന്റെ ചരിത്രത്തിലേക്ക്‌ കാതുചേർത്തുവച്ചാൽ എണ്ണിയാലൊടുങ്ങാത്ത തൊഴിലാളി സമരങ്ങളുടെ മുദ്രാവാക്യങ്ങൾ കാതിൽ വന്നലയ്‌ക്കും. കൺമുന്നിലെ കോഴിക്കോടൻ പെരുമയുടെ പിന്നിലെ ശിൽപികൾ ഇവിടുത്തെ തൊഴിൽസമൂഹമാണ്‌. പുഴുക്കളെപ്പോലെ തൊഴിലിടങ്ങളിൽ നുരച്ചവർക്ക്‌ നട്ടെല്ല്‌ നൽകിയത്‌ എണ്ണിയാലൊടുങ്ങാത്ത സമരപരമ്പരകളാണ്‌.
 
തൊഴിലിടങ്ങളിൽ മാന്യമായ  വേതനവും തൊഴിലവകാശങ്ങളും സുരക്ഷയും ഉറപ്പാക്കിയാണ്‌ കേരളം ലോകത്തിന്റെ നെറുകയിൽ ഇടംപിടിച്ചത്‌. സിഐടിയുവെന്ന അക്ഷരങ്ങൾ മുദ്രിതമായ ചെങ്കൊടിയേന്തിയ കൈകളാണ്‌ എണ്ണമറ്റ സമരങ്ങളെ വിജയപഥത്തിലേക്ക്‌ കൈപിടിച്ചാനയിച്ചത്‌. സിഐടിയു സംസ്ഥാന സമ്മേളനത്തിന്‌ കോഴിക്കോട്‌ വേദിയാകുമ്പോൾ ഉജ്വലമായ ആ സ്‌മൃതിപഥങ്ങളിലൂടെ സഞ്ചരിക്കുകയാണ്‌ ഇന്നുമുതൽ...

 

കേരളത്തിലെ തൊഴിലാളിവർഗ പോരാട്ടചരിത്രത്തിലെ കനൽത്തിളക്കമുള്ള കഥകൾ പറയും ഫറോക്ക്-–-ചെറുവണ്ണൂർ മേഖലയിലെ ഓട്ടുകമ്പനി സമരങ്ങൾ. മുതലാളിമാരുടെ ക്രൂരതകളെ സംഘശക്തിയും നെഞ്ചൂക്കിനാലും നേരിട്ട തൊഴിലാളി വീര്യം. പി കൃഷ്ണപിള്ളയും എ കെ ജിയുമായിരുന്നു അവരുടെ അവകാശബോധത്തിന്റെ വിത്തുപാകിയതെന്നത്‌ ചരിത്രം. 
 
1935 ജനുവരിയിലാണ്‌ ഓട്ടുകമ്പനി തൊഴിലാളി യൂണിയൻ രൂപീകരിച്ചത്‌. യൂണിയനിൽ ചേർന്നെന്ന കാരണത്താൽ മലബാർ ഓട്ടുകമ്പനിയിൽ രണ്ട്‌ തൊഴിലാളികളെ പിരിച്ചുവിട്ടു. തൊഴിലാളി ദ്രോഹത്തിൽ പ്രതിഷേധിച്ച് മലബാർ കമ്പനി പടിക്കൽ കെ പി ഗോപാലൻ നിരാഹാരം ആരംഭിച്ചു. ജനുവരി 27ന്‌ തുടങ്ങിയ സത്യഗ്രഹം ഫെബ്രുവരി ആറുവരെ നീണ്ടു. വാഗ്‌ഭടാനന്ദ ഗുരു നാരങ്ങാനീര്‌ നൽകിയാണ്‌ ഉപവാസം അവസാനിപ്പിച്ചത്‌.  സമരം തൊഴിലാളികളിൽ വലിയ ഉണർവുണ്ടാക്കി. 1935 മാർച്ച്‌ രണ്ടിന്‌ ഫറോക്കിലും പരിസരങ്ങളിലും പൊതുയോഗങ്ങൾ തടഞ്ഞ്‌ 144–-ാം വകുപ്പ്‌ പ്രഖ്യാപിച്ചു. പി കൃഷ്‌ണപിള്ള, എ കെ ഗോപാലൻ, കെ പി ഗോപാലൻ, മഞ്ചുനാഥറാവു, സർദാർ ചന്ദ്രോത്ത്‌, കുഞ്ഞിരാമൻ നായർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നത്‌ തടഞ്ഞ്‌ തിരൂരങ്ങാടി സബ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിറക്കി.
 
ഏപ്രിൽ നാലിന്‌ പണിമുടക്ക്‌ തുടങ്ങി. സമരം പൊളിക്കാൻ മുതലാളിമാർ രംഗത്തിറങ്ങി. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന്‌ ആളുകളെ എത്തിച്ച്‌ പണിക്കുകയറ്റി. തൊഴിലാളികൾ തടഞ്ഞു. ഗുണ്ടകളും പൊലീസും ചേർന്ന്‌ തൊഴിലാളികളെ ആക്രമിച്ചു. യോഗങ്ങൾ ആക്രമിച്ചും നേതാക്കളെ മർദിച്ചും പ്രകടനത്തിൽ പങ്കെടുത്തവരെ പിരിച്ചുവിട്ടുമാണ്‌ മുതലാളിമാർ സമരത്തെ നേരിട്ടത്‌.  വർഗീയമായി ഭിന്നിപ്പിക്കാനും നീക്കമുണ്ടായി. 40 ദിവസങ്ങൾക്കുശേഷം സമരം അവസാനിപ്പിച്ചു. പണിമുടക്ക് പരാജയപ്പെട്ടെങ്കിലും അത് തൊഴിലാളികളെ സമര സജ്ജരാക്കി. എ കെ ജി തൊഴിലാളികളിൽ ഒരാളായി അവരുടെ വീടുകളിൽ താമസിച്ച്, വർഗസമരപാഠങ്ങൾ പകർന്നു. 
 
1949ലെ സ്റ്റാൻഡേർഡ് ടൈൽസിലെ ബോണസ്‌ സമരം, 1948ലും 1951ലും കോമൺവെൽത്ത് ടൈൽസിൽ നടന്ന ബോണസ് സമരങ്ങൾ, പിരിച്ചുവിടലിനെതിരെ 1949ലെ സ്റ്റാൻഡേർഡ് ടൈൽസ് സമരം, ഓട് വ്യവസായത്തെ സീസണൽ ഫാക്ടറികളാക്കി മാറ്റുന്നതിനെതിരായ പ്രതിഷേധം, 1954ലും 1964ലും ഹിന്ദുസ്ഥാൻ ടൈൽസ് ബോണസ് പ്രശ്നം, 1974ലെ മൂലോട് പ്രക്ഷോഭം എന്നിങ്ങനെ എണ്ണമറ്റ പോരാട്ടങ്ങൾക്ക്‌ ഫറോക്ക്‌ സാക്ഷ്യംവഹിച്ചു. തൊഴിലാളി സംഘടനകളും കമ്യൂണിസ്റ്റ് പാർടിയും ശക്തമായതോടെ ആനുകൂല്യങ്ങൾ നൽകാൻ മുതലാളിമാർ തയ്യാറായി. കങ്കാണിപ്പണി ചെയ്ത കോൺഗ്രസ് സംഘടനകൾ നാമാവശേഷമായതിനും ചരിത്രം സാക്ഷി. കള്ളക്കേസെടുത്ത് തൊഴിലാളികളെ നിർവീര്യമാക്കാനുള്ള ശ്രമവും ചെറുത്തു. ഭാസ്കരൻ നായരെയും കുഞ്ഞിരാമ പൊതുവാളെയും പോലുള്ളവർ പ്രതിഫലമില്ലാതെ കേസ് വാദിച്ചു. ചില ആനുകൂല്യങ്ങൾക്കായി സുപ്രീംകോടതി വരെ പോയി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top