24 January Friday

മാലിന്യമലയല്ല, മഴവില്ലഴക്‌

സ്വന്തം ലേഖകൻUpdated: Friday Dec 6, 2019

മേലേപാളയം ഒയിറ്റി റോഡിൽ പുതുതായി നിർമിച്ച റെയിൻബോ സ്‌റ്റെയർ

കോഴിക്കോട്‌
മേലേ പാളയം ഒയിറ്റി റോഡ്‌ ജങ്‌ഷനിൽനിന്ന്‌ ഒന്നാം റെയിൽവേ മേൽപ്പാലവുമായി ബന്ധിപ്പിക്കുന്ന പടികളിലെ മാലിന്യക്കൂമ്പാരം ഇനി പഴങ്കഥ. മാലിന്യക്കറകൾ മാഞ്ഞ ആ പടികളിന്ന്‌ മഴവിൽ വർണങ്ങളിൽ തിളങ്ങുകയാണ്‌. ദേവകി അമ്മാസ്‌ ഗുരുവായൂരപ്പൻ കോളേജ്‌ ഓഫ്‌ ആർക്കിടെക്‌ചറിലെ വിദ്യാർഥികളാണ്‌ പൊട്ടിപ്പൊളിഞ്ഞ്‌ കിടന്ന പടികൾ പുതുമോടിയിലാക്കിയത്‌. പടിക്കെട്ടുകൾ നിർമിച്ച്‌ മഴവിൽ നിറം പൂശിയതോടെ നാട്ടുകാർ അതിന്‌ പേരിട്ടു. ‘റെയിൻബോ സ്റ്റെയേഴ്‌സ്‌’. ഇതിന്റെ ഉദ്‌ഘാടനം ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌  മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും.
മാലിന്യരഹിതമായി കോഴിക്കോടിനെ മാറ്റണമെന്ന ചിന്തയിൽ നിന്നാണ്‌ ‘മെയ്‌ക്കിങ്‌ ദി സിറ്റി’ പദ്ധതി രൂപമെടുത്തത്‌. 2018ലാണ്‌ പദ്ധതിക്ക്‌ തുടക്കമായത്‌. അന്ന്‌ കലക്ടറായിരുന്ന യു വി ജോസ്‌ അടക്കമുള്ളവരുടെ പിന്തുണ വിദ്യാർഥികൾക്ക്‌ പ്രചോദനമായി. നടപ്പാതയിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കലായിരുന്നു പ്രധാന വെല്ലുവിളി. നിറവ്‌ വേങ്ങേരിയുമായി കൈകോർത്ത്‌ ഇതിന്‌ പരിഹാരം കണ്ടു. ഇവിടെനിന്ന്‌ ശേഖരിച്ച പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ പുനഃചംക്രമണത്തിന്‌ വിധേയമാക്കി. 2018ലെ ഗാന്ധിജയന്തി ദിനത്തിലായിരുന്നു പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടത്‌. നടപ്പാതയോട്‌ ചേർന്നുള്ള സ്ഥലം പാർക്കായും രൂപപ്പെടുത്തി. മൂന്ന്‌ ലക്ഷം രൂപ ചെലവിലാണ്‌ പടിക്കെട്ടും പാർക്കും നിർമിച്ചത്‌.
പ്രിൻസിപ്പൽ സാലൈസ്‌ ഈപ്പൻ, പി എം ഷിനൂബ്‌, ശരണ്യ കനകരാജ്‌, അഭിനവ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top