24 October Thursday

ചെയർമാനെ തടഞ്ഞ സംഭവം; ന്യായീകരിച്ച് പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019
വടകര
ദുരിതാശ്വാസ ക്യാമ്പ്‌ സന്ദർശിക്കാനെത്തിയ നഗരസഭാ ചെയർമാനെ തടഞ്ഞ സംഭവത്തിൽ പൊലീസ്‌ കേസെടുത്തതിൽ പ്രതിഷേധിച്ച്‌  കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ നാടകം.  കഴിഞ്ഞ  പ്രളയ സമയത്ത്‌ കൗൺസിലർ നഫ്‌സലിന്റെ അഭ്യർഥന മാനിച്ചാണ്‌ നഗരസഭാ ചെയർമാൻ ദുരിതാശ്വാസ ക്യാമ്പിന്‌ സമീപം  വെള്ളക്കെട്ടിന്‌ കാരണമായ സ്ഥലം സന്ദർശിച്ചത്‌.  എന്നാൽ സ്ഥലത്തെത്തിയ ചെയർമാനെ വനിതകളെ മുന്നിൽ നിർത്തി തടയുന്ന സമീപനമാണ്‌  പ്രദേശവാസികളുടെ ഭാഗത്തുനിന്നും ഉണ്ടായത്‌.  കൗൺസിലർ കൂടിയായ നഫ്‌സൽ സംഭവസ്ഥലത്ത്‌ ഉണ്ടായിട്ടും പ്രതിഷേധക്കാരെ  പിന്തിരിപ്പിക്കാനുള്ള ശ്രമം കൗൺസിലറുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.  ഇത്‌ വ്യാപക ചർച്ചക്ക്‌ ഇടയാക്കി. 
 സംഭവത്തിൽ പൊലീസ്‌ കേസെടുത്ത്‌ ആറുപേരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടിരുന്നു. കൗൺസിൽ യോഗത്തിൽ പ്രകോപനപരമായി സംസാരിച്ച നഫ്‌സലിനെതിരെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്ത്‌ ഉണ്ടായ കാര്യങ്ങൾ ചെയർമാൻ കൗൺസിൽ യോഗത്തിൽ വിശദീകരിച്ചെങ്കിലും ചെയർമാനെയും കൗൺസിൽ യോഗത്തെയും വെല്ലുവിളിച്ച്‌ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. ഉദ്യോഗസ്ഥർക്കെതിരെ മോശം പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച്‌ ജീവനക്കാർ പ്രതിഷേധപ്രകടനം നടത്തി.  കൗൺസിൽ യോഗത്തിൽ ഇ അരവിന്ദാക്ഷൻ, പി അശോകൻ, എം ബിജു,  പി ഗിരീശൻ, ടി കേളു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top