കോഴിക്കോട്
മഴ സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വില്ലേജ് തല ജനകീയ സമിതിയെ ഉപയോഗപ്പെടുത്തണമെന്നും താഴെത്തട്ടിലേക്ക് എത്തുംവിധം പ്രവർത്തനം വിപുലീകരിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. മഴയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുസാഹചര്യം വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ചൊവ്വാഴ്‌ചവരെ വ്യാപക മഴക്ക് സാധ്യതയുള്ളതിനാൽ മുന്നൊരുക്കം ഊർജിതമാക്കണം. ക്യാമ്പുകളിൽ വെള്ളം, വെളിച്ചം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
തഹസിൽദാർമാർ താലൂക്കുകളിലെ നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കി. ജില്ലയിൽ 16 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 205 കുടുംബങ്ങളിലെ 645 പേരാണ് ക്യാമ്പുകളിലുള്ളത്.
കക്കയം ഡാം സൈറ്റ് റോഡ് ഇടിഞ്ഞു
ബാലുശേരി
കനത്ത മഴയിൽ കക്കയം വാലിയ്ക്കടുത്ത് ഡാം സൈറ്റ് റോഡ് ഇടിഞ്ഞുതാഴ്‌ന്നു. വ്യാഴം രാത്രിയാണ് 15 മീറ്റർ നീളത്തിൽ റോഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴ്‌ന്നത്. ഉരുൾപൊട്ടലിൽ നേരത്തെയും ഇവിടെ റോഡ് ഇടിഞ്ഞിരുന്നു. മണൽച്ചാക്ക് ഉപയോഗിച്ച് താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തിയ ഭാഗമാണ് വീണ്ടും ഇടിഞ്ഞത്. ഇതോടെ ഡാം സൈറ്റ് റോഡിൽ ഗതാഗതം ദുഷ്‌കരമായി. ഇടിഞ്ഞ സ്ഥലം ഏറെ അപകട സാധ്യതയുള്ളതാണ്. താഴ്‌വാരത്തെ വീടുകളും അപകടഭീഷണിയിലാണ്. മഴ കനത്തതോടെ വിനോദ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..