കൊയിലാണ്ടി
സ്വാതന്ത്ര്യസമര ചരിത്രത്തിൽ ചേമഞ്ചേരിയെന്ന ഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നത് 1942 ആഗസ്ത് 19നാണ്. സാമ്രാജ്യത്വത്തിന്റെ സർവ സന്നാഹങ്ങളും ഞെട്ടിവിറച്ച ദിനം. ക്വിറ്റിന്ത്യ വെറും മുദ്രാവാക്യമല്ലെന്നും ഇന്നല്ലെങ്കിൽ നാളെ ഇന്ത്യവിടേണ്ടിവരുമെന്നും സാമ്രാജ്വത്വത്തെ ബോധ്യപ്പെടുത്താൻപോന്നതായിരുന്നു ആ രാത്രി. സാഹസികരായ യുവാക്കള്‍ ഒറ്റ രാത്രിയിലാണ് ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസ്, തിരുവങ്ങൂര്‍ അംശകച്ചേരി, തിരുവങ്ങൂര്‍ റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന് എന്നിവ അഗ്നിക്കിരയാക്കിയത്.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുകയായിരുന്നു ലക്ഷ്യം. മണ്ണെണ്ണയും കമ്പിപ്പാരയും മഴുവും കൊടുവാളുമായിരുന്നു ആയുധം. രജിസ്ട്രാര്‍ ഓഫിസിലാണ് ആദ്യം തീയാളിയത്. ഉറങ്ങിക്കിടന്ന രണ്ട് ജീവനക്കാരോട് രക്ഷപ്പെട്ടോളാൻ പറഞ്ഞായിരുന്നു രേഖകള്‍ തീയിട്ടത്. തൊട്ടടുത്ത നിമിഷം റെയില്‍വേ സ്റ്റേഷനും തീകൊളുത്തി. പണിയായുധം സൂക്ഷിക്കുന്ന പെട്ടി തകര്‍ത്തു. ഓവുപാലം തകര്‍ക്കാനുള്ള ശ്രമം വിഫലമായി. തിരുവങ്ങൂര്‍ വില്ലേജ് ഓഫീസിനും തീവണ്ടി നിര്‍ത്തുന്ന ഹാൾട്ട്സ്റ്റേഷനും തീയിട്ടു. റെയില്‍വേ സിഗ്നല്ക്കമ്പികള് അറുത്തുമാറ്റി. സമരത്തിന്റെ ഓര്‍മകൾ പേറി ഇന്നുമുണ്ട് രജിസ്ട്രാര്‍ ഓഫീസിന്റെ കെട്ടിടാവശിഷ്ടം.
1942 ആഗസ്ത് എട്ടിന് മുംബൈയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനമാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്. ഇതിന് പിന്നാലെ മഹാത്മാഗാന്ധി, നെഹ്റു തുടങ്ങിയ ദേശീയ നേതാക്കളെയെല്ലാം ജയിലിലടച്ചു. ഈ രോഷാഗ്നിയിലാണ് ആഗസ്ത് 19ന് ചേമഞ്ചേരിയില്‍ ഐതിഹാസികമായ സമരം നടന്നത്. സംഭവത്തിന് പിന്നാലെ നാടാകെ പൊലീസ് വേട്ടയാടി. മുംബൈയില്‍നിന്ന് നാട്ടിലെത്തിയ കുറത്തിശാലയില്‍ മാധവന് നായരായിരുന്നു പ്രക്ഷോഭത്തിന്റെ മുഖ്യ ആസൂത്രകന്‍. കാരോളി നാരായണന് നായര്‍, നങ്ങാര്കണ്ടി ചന്തു, കെ വി ഗോവിന്ദന് കിടാവ്, മേലേടത്ത് അപ്പുനായര് തുടങ്ങിയവര്‍ക്ക് ഭീകര മര്‍ദനമേറ്റു.
കാരോളി ഉണ്ണിനായര്, കുന്നിയാടത്ത് മാധവന് കിടാവ്, ഉപ്പശന്കണ്ടി കൃഷ്ണന് നായര്‍, കാരോളി അപ്പുനായര്, തറയില്‍ ഉണ്ണിനായര്, മമ്മിളി കേളപ്പന് നായര്‍, പടിക്കലക്കണ്ടി കുട്ടിരാമന് നായര്‍, ചാമാടത്ത് ഗോപാലന് നായര്‍, വി എം രാമന് നായര്‍, കാരളികണ്ടി കുഞ്ഞിരാമന് നായര്‍, മേക്കോന നാരായണന് മേനോക്കി, കിഴക്കയില്‍ നാരായണന് നായര്‍, വൈയിലേരി കുഞ്ഞിക്കുട്ടന്‍ മാസ്റ്റര്‍, സഖാവ് ചന്തുക്കുട്ടി നായര്‍ തുടങ്ങിയർ ഈ സമരത്തില്‍ പങ്കെടുത്തു. ചിലര്‍ ദിര്‍ഘകാലം ഒളിവില്‍ താമസിച്ചു. ഒട്ടനവധിപേര്‍ ജയില്‍ ശിക്ഷ നേരിട്ടു.
ചേമഞ്ചേരിയില്നിന്നാണ് 1943ല്‍ സ്വതന്ത്ര ഭാരതം പത്രം അച്ചടിച്ചത്. 17 ലക്കം ഇവിടെനിന്ന് അടിച്ചിട്ടുണ്ട്. പൊലീസ് റെയ്ഡുണ്ടായപ്പോൾ കല്ലച്ച് കുളത്തിലേക്ക് വലിച്ചെറിഞ്ഞ് സംഘം രക്ഷപ്പെടുകയായിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട കെ വി മാധവന് കിടാവിനെ 1945ല്‍ ഷൊര്‍ണൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഉണ്ണിനായര്, അപ്പുനായര്, കൃഷ്ണന് നായര്‍ തുടങ്ങിയവരെ പല സന്ദര്‍ഭങ്ങളിലായി പിടികൂടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..