25 September Friday

മത്സ്യത്തൊഴിലാളികൾക്ക്‌ കർശന നിരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
കോഴിക്കോട്‌
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്തുമ്പോൾ കോവിഡ്‌ പ്രതിരോധ മാർഗങ്ങൾ കർശനമായി നടപ്പാക്കിയില്ലെങ്കിൽ ബോട്ടുടമയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കോർപറേഷൻ ഓഫീസിൽ ചേർന്ന കോവിഡ് അവലോകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  
മടങ്ങിയെത്തുന്നവർക്കായി 14 ദിവസത്തേക്ക്‌ ക്വാറന്റൈൻ സൗകര്യം ഒരുക്കണം. തുടർന്ന്‌ പരിശോധന കഴിഞ്ഞശേഷമേ ജോലി‌ക്ക്‌ നിയോഗിക്കാവൂ.  
തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. കാർഡുകളില്ലാതെ നടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇതര സംസ്ഥാനത്തുനിന്ന്‌ വരുന്ന തൊഴിലാളികൾ കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 4500 ഓളം പേരാണ്‌ ട്രോളിങ് കഴിയുന്നതോടെ എത്തുമെന്ന്‌ കരുതുന്നത്‌. ഇത്‌ സംബന്ധിച്ച നടപടികൾ ചർച്ചചെയ്യാൻ വ്യാഴാഴ്‌ച ഉന്നതതല യോഗം ചേരും. സബ് കലക്ടർ ജി പ്രിയങ്ക ഈ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കും. 
ബീച്ച്‌ ആശുപത്രിയിൽ ഈ ആഴ്‌ച തന്നെ കോവിഡ്‌ ചികിത്സ തുടങ്ങും. ഒപികൾ പൂർണമായും ഗവ. നേഴ്‌സിങ്‌ കോളേജിലേക്ക്‌ മാറ്റുന്ന പ്രവർത്തനങ്ങൾ  പുരോഗമിക്കുകയാണ്‌.  വലിയങ്ങാടിയിൽ ബുധനാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ച ആറുപേർ ജോലിചെയ്‌ത കടകൾ അടച്ചിടും. സമ്പർക്കപ്പട്ടിക തയ്യാറാക്കി അവർക്കെല്ലാം പരിശോധന നടത്തും. കോവിഡ് സ്ഥിരീകരിക്കുന്ന വാർഡ് മുഴുവൻ കണ്ടെയിൻമെന്റ് സോൺ ആക്കാതെ നിർദിഷ്‌ട പ്രദേശങ്ങൾ മാത്രമേ അടച്ചിടൂ.
യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, കലക്ടർ എസ് സാംബശിവറാവു, എംഎൽഎമാരായ എ പ്രദീപ് കുമാർ, ഡോ. എം കെ മുനീർ, കമീഷണർ എ വി ജോർജ്, ഡിഎംഒ ഡോ. വി ജയശ്രീ, കോർപറേഷൻ ആരോഗ്യ സമിതി അധ്യക്ഷൻ കെ വി ബാബുരാജ്, ഹെൽത്ത് ഓഫീസർ ഡോ. ആർ എസ് ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top